മാങ്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ഭദ്രകാളി വനദുർഗ്ഗാ ദേവിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഏപ്രിൽ1ന് തുടങ്ങും

മാങ്കുളം: മാങ്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ഭദ്രകാളി വനദുർഗ്ഗാ ദേവിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് ഏപ്രിൽ1ന് തുടക്കം കുറിക്കും.1 മുതൽ 7 വരെയാണ് ഉത്സവാഘോഷങ്ങൾ നടക്കുന്നത്. ഏപ്രിൽ 1 ന് വൈകിട്ട് 6.30നും 7.20നും ഇടയിൽ ശിവഗിരിമഠം തന്ത്രി ബ്രഹ്മശ്രീ ശ്രീനാരായണ പ്രസാദ് സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിലും ജോഷി നാരായണൻ ശാന്തിയുടെയും സജി ശാന്തിയുടെയും രവീന്ദ്രൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടി ഉയരും.
ഉത്സവദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടക്കും. രണ്ടാം ദിനം വൈകിട്ടേഴിന് സർപ്പ പൂജയും നൂറും പാലും സർപ്പം പാട്ടും നടക്കും. മൂന്നാം ദിവസം രാവിലെ 10ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 7ന് ഗുളികന് മേശ വഴിപാട് നാലാം ദിവസം വൈകിട്ട് 7ന് ഭഗവതി സേവ, അഞ്ചാം ദിവസം രാവിലെ 8ന് രക്ഷസിന് വിശേഷാൽ പൂജ, പാൽപായസം വൈകിട്ട് ഭഗവതി സേവ എന്നീ പൂജകൾ നടക്കും. ആറാം ദിവസം രാവിലെ പൊങ്കാലയും വൈകിട്ട് പള്ളിവേട്ടയും നടക്കും. ഉത്സവത്തിൻ്റെ അവസാന ദിവസം വൈകിട്ട് താലപ്പൊലി ഘോഷയാത്ര നടക്കും.
താളുംങ്കണ്ടത്തു നിന്നും പുറപ്പെടുന്ന ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 8 ന് വൈകിട്ട് ദീപാരാധനക്ക് ശേഷം വടക്കുപുറത്ത് വലിയ ഗുരുതി നടക്കും. കൊടിയേറ്റിന് ശേഷം ക്ഷേത്രത്തിൽ ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിലെ ഗുരുപ്രകാരം സ്വാമിയുടെ പ്രഭാഷണം നടക്കും. ഏപ്രിൽ 6 ന് ഗാനമേളയുൾപ്പെടെ ഉത്സവാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുള്ളതായി ക്ഷേത്രം പ്രസിഡൻ്റ് ഷിജി കരിക്കനാട്ട്, സെക്രട്ടറി മോഹൻദാസ് മുകളേൽ, ആഘോഷ കമ്മിറ്റി കൺവീനർ സജീവ് ഇലവുങ്കൽ എന്നിവർ പറഞ്ഞു.