റോഡരികില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടി വേണം
റിപ്പോർട്ട് : ജെജിൻ മാത്യു

മൂന്നാര്‍: മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ റോഡരികില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടി വേണമെന്നാവശ്യം. സൈലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിയിലാണ് മാലിന്യം കുമിഞ്ഞ് കിടക്കുന്നത്. ദേവികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം കൂട്ടിയിട്ടിരിക്കുന്നതാണ് റോഡരികിലെ മാലിന്യക്കൂനക്ക് കാരണം. മാലിന്യം കുന്നുകൂടി കിടക്കുന്നതിന് സമീപം കുടിവെള്ള പദ്ധതിയുടെ ടാങ്കും സ്ഥിതി ചെയ്യുന്നു. വലിയ ചാക്കുകളില്‍ കെട്ടി പ്രദേശത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം ഉയരാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ ദുരതത്തിലായി.
നായ്ക്കളും കാട്ടുമൃഗങ്ങളുമൊക്കെയെത്തി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം റോഡിലേക്ക് വലിച്ച് നിരത്തുന്നതും സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാലിന്യത്തിന് നടുവിലൂടെ വേണം ആളുകള്‍ നടന്നു പോകുവാന്‍.മാലിന്യം ഇനിയും കുന്നുകൂടാന്‍ ഇടവരുത്തരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം നീക്കിയില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ പടരുമോയെന്നും ആശങ്ക ഉയരുന്നു. അതേ സമയം മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം ലഭ്യമാകാത്തതിനാലാണ് നിലവില്‍ ഈ ഭാഗത്ത് മാലിന്യം സൂക്ഷിച്ച് വരുന്നതെന്നും പുതുതായി പഞ്ചായത്തിന് ലഭിച്ച സ്ഥലത്തേക്ക് ഏറ്റവും വേഗത്തില്‍ റോഡരികിലെ മാലിന്യം നീക്കം ചെയ്യുമെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.