
അടിമാലി: തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി കമ്മിഷനിംങ്ങിനൊരുങ്ങുന്നു.വൈകാതെ പത്ത് മെഗാവാട്ടിന്റെ ജനറേറ്റര്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. മുപ്പത് മെഗാവാട്ടിന്റെ ജനറേറ്റര്‍ ഇതിന് പിന്നാലെ കമ്മീഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്.അവസാന ഘട്ട ടെസ്റ്റിംഗ്, കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റുമെത്തി.

2009ല്‍ ആണ് തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിട്ടത്. ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാറില്‍ തടയണ നിര്‍മിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയില്‍ നിര്‍മ്മിച്ചിട്ടുള്ള നിലയത്തില്‍ വെള്ളം എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2009ല്‍ 207 കോടി രൂപക്കാണ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ നടന്നത്.

എന്നാല്‍ പണികള്‍ പാതിവഴിയില്‍ നിലച്ചു. പിന്നീട് 2018ല്‍ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം 280 കോടിക്ക് വീണ്ടും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് നിര്‍മ്മാണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്. ആദ്യം നല്‍കിയ കരാര്‍ റദ്ദാക്കി രണ്ടാമത് മറ്റൊരു കരാര്‍ ചെയ്യേണ്ടി വന്നതും 2018ലെ പ്രളയവും 2019ലെ കാലവര്‍ഷക്കെടുതികളും പിന്നാലെയെത്തിയ കൊവിഡും എല്ലാം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.ഇതിനായി വേണ്ടുന്ന ചില അവസാനവട്ട പണികള്‍മാത്രമാണ് ഇനിയവശേഷിക്കുന്നത്. തൊട്ടിയാര്‍ മുതല്‍ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കു വേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യു വകുപ്പുകളില്‍നിന്ന് പദ്ധതിക്ക് ആവശ്യമായ ഭൂമിയും ഏറ്റെടുത്തിരുന്നു. ദേവിയാര്‍ പുഴക്കു കുറുകെ 222 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. അനുബന്ധമായി 199 മീറ്റര്‍ നീളത്തില്‍ ടണലും 1,250 മീറ്റര്‍ ദൂരത്തില്‍ പെന്‍സ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്റര്‍ ആണ് പെന്‍സ്റ്റോക്കിന്റെ വ്യാസം. നിലവില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാത്തതിനാല്‍ ദേവിയാര്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം തൊട്ടിയാറിലെ തടയണ നിറഞ്ഞ് പാഴായി ഒഴുകിപോകുകയാണ്. പദ്ധതിയുടെ കമ്മീഷനിംഗ് നടക്കുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് ഈ വെള്ളം പ്രയോജനപ്പെടുത്തും.