
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശമാണ് മാങ്ങാപ്പാറ കുടി. ഈറ്റച്ചോലയാറിന് കുറുകെ കടന്നാണ് ഇവിടേക്ക് വാഹനങ്ങള്‍ എത്തുന്നത്. ഈ പുഴക്ക് കുറുകെ വാഹനം സഞ്ചരിക്കും വിധമൊരു പാലം വേണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. നിരവധിയായ കുടുംബങ്ങള്‍ പുഴക്കക്കരെ താമസിക്കുന്നുണ്ട്. പുഴക്ക് കുറുകെ കാല്‍നട യാത്ര മാത്രം സാധ്യമാകുന്ന ഒരു നടപ്പാലമുണ്ട്.

ഈ നടപ്പാലത്തിലൂടെ കയറി ഇക്കരെയെത്തി വേണം ആളുകള്‍ക്ക് മഴക്കാലത്ത് വാഹനത്തില്‍ കയറുവാന്‍. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ പുഴയിലൂടെ അക്കരയിക്കരെ കടക്കും. കുടിയില്‍ നിന്നും ആനക്കുളത്തെത്തിയാണ് കുടി നിവാസികളുടെ പുറം ലോകത്തേക്കുള്ള യാത്ര. മഴകനത്താല്‍ കുട്ടികളുടെ സ്‌കൂള്‍ യാത്രയും ആശുപത്രിയിലെത്താനുള്ള രോഗികളുടെ യാത്രയുമൊക്കെ ക്ലേശകരമാകും. വിദ്യാവാഹിനി പദ്ധതി പ്രകാരം കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ജീപ്പുകള്‍ കുടിയിലെത്തുന്നുണ്ട്.

എന്നാല്‍ മഴകനത്ത് പുഴയില്‍ വെള്ളമുയര്‍ന്നാല്‍ കുട്ടികള്‍ക്ക് കുടിയില്‍ നിന്നും ഏറെ ദൂരം നടന്ന് പുഴക്ക് കുറുകെയുള്ള നടപ്പാലം കടന്ന് പുഴക്കിക്കരെയെത്തി വേണം ജീപ്പില്‍ കയറുവാന്‍. മഴക്കാലത്ത് ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്കും കുടി നിവാസികള്‍ ഇതേ ദുരിതം അനുഭവിക്കുന്നു.
ആനക്കുളത്തു നിന്നും പരിമിതമായ യാത്രാ സൗകര്യമെ മാങ്ങാപ്പാറയിലേക്കുള്ളു. റോഡ് പൂര്‍ണ്ണമായും യാത്രാ യോഗ്യമല്ല.റോഡ് പൂര്‍ണ്ണമായി നിര്‍മ്മാണം നടത്തുകയും മഴക്കാലത്ത് തങ്ങളുടെ യാത്രാ ക്ലേശമൊഴിവാക്കാന്‍ പുറക്ക് കുറുകെ വാഹനം കയറും വിധമൊരു പാലം നിര്‍മ്മിക്കണമെന്നുമാണ് മാങ്ങാപ്പാറക്കുടിയിലെ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്.