
കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിൽ ഓട്ടോറിക്ഷ തകർത്തു. ആനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെ മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലാണ് സംഭവം. ഗൂഡാർവിള സ്വദേശി ജഗന്റെ ഓട്ടോറിക്ഷയാണ് പടയപ്പ തകർത്തത്. മൂന്നാറിൽ നിന്ന് സൈലന്റ് വാലിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ പടയപ്പയുടെ മുമ്പിൽ പെടുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്.
ആന പാഞ്ഞടുത്തതോടെ യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല. എന്നാൽ പടയപ്പ തുമ്പികൈകൊണ്ട് അടിച്ച് ഓട്ടോറിക്ഷ തകർത്തു. ഒരാഴ്ച മുമ്പാണ് പടയപ്പ മറയൂർ മേഖലയിൽ നിന്ന് മൂന്നാറിലെത്തിയത്. തെന്മല, ഗുണ്ടുമല പ്രദേശങ്ങളിൽ കൃഷി നശിപ്പിച്ച ആന വെള്ളിയാഴ്ച രാത്രി മാട്ടുപ്പട്ടിയിലുള്ള ദേവികുളം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഇറങ്ങിയിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെയാണ് ആന പിൻവാങ്ങിയത്. പടയപ്പയുടെ ശല്യം പ്രദേശത്ത് രൂക്ഷമാവുകയാണ്.