കാട്ടാന ശല്യം രൂക്ഷം; പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് വാളറയില്‍ ദേശിയപാത ഉപരോധിച്ചു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ വാളറ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുളമാംകുഴി ആദിവാസി മേഖലയിലെ കുടുംബങ്ങളും മറ്റിടങ്ങളില്‍ നിന്നുള്ള ആളുകളും വാളറയില്‍ ദേശിയപാത ഉപരോധിച്ചു. വാളറ, കുളമാംകുഴി, കമ്പിലൈന്‍,കാഞ്ഞിരവേലി തുടങ്ങി അടിമാലി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.ജനവാസ മേഖലയില്‍ നിന്നും കാട്ടാനകള്‍ പിന്‍വാങ്ങാത്ത സ്ഥിതിയുണ്ട്.

ആളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.കൃഷിവിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു.രാപകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യത്തിലാണ് കുളമാംകുഴി ആദിവാസി മേഖലയിലെ കുടുംബങ്ങളും മറ്റിടങ്ങളില്‍ നിന്നുള്ള ആളുകളും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.പ്രതിഷേധ സൂചകമായി വാളറ കാവേരിപ്പടിയില്‍ കുടുംബങ്ങള്‍ ദേശിയപാത ഉപരോധിച്ചു.

ഉപരോധ സമരത്തിന് മുന്നോടിയായി കുടുംബങ്ങള്‍ കുടുംബങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ സമരം അടിമാലി ഗ്രാമപഞ്ചായത്തംഗം ദീപ രാജീവ് ഉദ്ഘാടനം ചെയ്തു.ആക്രമകാരിയായ കാട്ടുകൊമ്പനെ പ്രദേശത്തു നിന്നും തുരത്തണമെന്നും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം.കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങളുമായി രംഗത്ത് വരുമെന്ന് ആദിവാസി കുടുംബങ്ങള്‍ മുന്നറിയിപ്പു നല്‍കി.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ത്രിതല പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും മറ്റിതര സംഘടന പ്രവര്‍ത്തകരും ജനകീയ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.