
മൂന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു. ചിന്നാര്‍ വന്യജീവി സങ്കേതരത്തില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പില്‍പ്പെട്ട പ്രതികള്‍ അമരാമതി ഡാമില്‍ ചാടുകയായിരുന്നു. ഡാമില്‍ ചാടിയ ഒരാള്‍ വനംവകുപ്പിന്റെ പിടിയിലായി. സേലം കരുമന്തുരൈ സ്വദേശി ആറുമുഖമാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കരിമുട്ടിയില്‍ നിന്നും ചന്ദനമരം മുറിച്ചിരുന്നു. മരം താഴെ വീണു കിടക്കുന്ന വിവരം വനം വകുപ്പുദ്യോഗസ്ഥര്‍ അറിഞ്ഞു. തുടര്‍ന്ന് പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിച്ചു. ഇതിനിടയില്‍ വെട്ടിയ ചന്ദനമരം മുറിച്ച് കടത്താനുള്ള നീക്കവുമായി രണ്ടാം ദിവസം പ്രതികള്‍ എത്തിയതായാണ് വിവരം. ഇവര്‍ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന വനംവകുപ്പുദ്യോഗസ്ഥരുടെ മുമ്പില്‍പ്പെട്ടു. ഇവരുടെ പക്കല്‍ നിന്നും വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടികൂടി.
ഇതിനിടയില്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.വനം വകുപ്പുദ്യോഗസ്ഥര്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ തമിഴ്‌നാട് അതിര്‍ത്തികടന്ന് അമരാവതി ഡാമിന്റെ പൊങ്ങനോടാ പാലത്തില്‍ നിന്നും ഡാമിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ കൂടി സഹായത്തോടെ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഉദുമല്‍പേട്ടയില്‍ നിന്നും അഗ്‌നി രക്ഷാ സേനയും എത്തി. തിരച്ചിലിനൊടുവില്‍ ഒരാളെ ഡാമില്‍ നിന്നും പിടികൂടി. ഒപ്പമുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു. പിടികൂടിയ പ്രതിയെ കരിമുട്ടി സ്റ്റേഷനില്‍ എത്തിച്ചു.
പ്രതിയെ പിന്നീട് ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ചിന്നാര്‍ അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. അജികുമാര്‍ എസ്എഫ്ഒ എ.വി. വിനോദ്, ബിഎഫ്ഒമാരായ മനോജ് ജി, വിഷ്ണു കെ.എസ്, വാച്ചര്‍മാരായ ചിന്നപ്പന്‍,അശോകന്‍, രാമസ്വാമി എന്നിവരടങ്ങുന്ന സംഘവും തമിഴ്‌നാട്ടിലെ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്