
അടിമാലി : കാലാവധി അവസാനിച്ച ദേവികുളം സബ് ആര്‍ ടി ഓഫിസിലെ വാഹനത്തിന് പകരം ഇനിയും പുതിയ വാഹനം എത്തിയില്ല.15 വര്‍ഷം പഴക്കം ചെന്നതോടെയായിരുന്നു നിലവില്‍ ഉണ്ടായിരുന്ന വാഹനം നിരത്തൊഴിഞ്ഞത്. പുതിയ വാഹനം എത്താതായതോടെ ഉദ്യോഗസ്ഥരും പ്രതിസന്ധി അനുഭവിക്കുകയാണ്.
ജില്ലയിലെ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല സബ് ആര്‍ ടി ഓഫീസുകള്‍ക്ക് പിന്നാലെയായിരുന്നു ദേവികുളം സബ് ആര്‍ ടി ഓഫിസിലെ വാഹനവും കാലാവധി അവസാനിച്ചതോടെ നിരത്തൊഴിഞ്ഞത്. പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ വാഹനമോ പകരം സംവിധാനമോ ഒരുങ്ങിയിട്ടില്ല. ഇപ്പോഴും ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ എത്താനും അപകടങ്ങള്‍ ഉണ്ടാകുന്നിടത്തെത്താനുമൊന്നും വാഹനമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നു. നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് സ്‌ക്വാഡിനു മാത്രമാണ് ഇലക്ട്രിക് കാര്‍ ഉള്ളത്. ഓഫിസ് ആവശ്യത്തിന് ഈ വാഹനം ഉപയോഗിക്കാനാവില്ല. വാഹനമില്ലാതായതോടെ നിരത്തിലെ വാഹന പരിശോധനയും താളം തെറ്റി. വട്ടവടയും മറയൂരുമൊക്കെയടങ്ങുന്ന വിശാലമായ ഭൂപ്രദേശമാണ് ദേവികുളം സബ് ആര്‍ ടി ഓഫിസിന് കീഴില്‍ വരുന്നത്. ദൈന്യം ദിന ആവശ്യങ്ങള്‍ക്ക് മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളില്‍ പോലും വാഹനം ലഭ്യമല്ലാത്തതിന്റെ പ്രതിസന്ധി ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. പുതിയ വാഹനം എത്തിച്ച് പ്രശ്ന പരിഹാരം കാണണമെന്നാണ് ആവശ്യം.