മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിന്റര്‍ മ്യൂസിക്കല്‍ നൈറ്റ്‌സ് നാളെ തുടങ്ങും

അടിമാലി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനൊരുങ്ങി.21 മുതല്‍ 31 വരെ നീളുന്ന വിന്റര്‍ മ്യൂസിക്കല്‍ നൈറ്റ്‌സാണ് ഇത്തവണ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ നീളുന്ന വിവിധ കലാപരിപാടികളാണ് മ്യൂസിക്കല്‍ നൈറ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്നാര്‍ ദേവികുളം റോഡില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിദേശയിനത്തില്‍പെട്ട അസീലിയ ഉള്‍പ്പെടെ മൂവായിരത്തിലധികം തരത്തിലുള്ള പൂക്കളും ചെടികളും ക്രമീകരിച്ചിട്ടുണ്ട്.ശൈത്യകാലം ആരംഭിച്ചതോടെ ഗാര്‍ഡനിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയാണ്.ഓര്‍ക്കിഡ് ഗാര്‍ഡന്‍, കള്ളിമുള്‍ച്ചെടികളുടെ ശേഖരവും ഗാര്‍ഡനിലുണ്ട്. മ്യൂസിക്കല്‍ നൈറ്റ്‌സിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് പൂന്തോട്ടത്തില്‍ മ്യൂസിക്കല്‍ ഫൗണ്ടനും പ്രത്യേക വൈദ്യുതാലങ്കാരങ്ങളും ഉണ്ടായിരിക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറും. കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയോരത്തോണ് 5 ഏക്കര്‍ സ്ഥലത്തായി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വാച്ച് ടവര്‍, ഗ്ലാസ് ഹൗസ്, ഭക്ഷണശാല, മഴമറ പൂന്തോട്ടം, ശുചിമുറികള്‍, സെല്‍ഫി പോയിന്റ്, ആന, ജിറാഫ്, കാട്ടുപോത്ത്, ദിനോസര്‍ ശില്‍പങ്ങള്‍, നടപ്പാതകള്‍, റെയ്ന്‍ ഷെല്‍റ്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയും ഗാര്‍ഡനിലുണ്ട്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്. രാവിലെ 9 മു തല്‍ രാത്രി 9 വരെയാണ് പ്രവേശന സമയം.മ്യൂസിക്കല്‍ നൈറ്റ്‌സിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്കേറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.