കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിര്‍മ്മിക്കുന്ന വാച്ച് ടവറിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു

അടിമാലി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിര്‍മ്മിക്കുന്ന വാച്ച് ടവറിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു. ദിവസവും നിരവധി വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന ഇടമാണ് കോട്ടപ്പാറ വ്യൂ പോയിന്റ്. കോട്ടപ്പാറ വ്യൂ പോയിന്റിന്റെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് പ്രദേശത്ത് ലൈറ്റ് ഹൗസ് മാതൃകയില്‍ വച്ച് ടവര്‍ നിര്‍മ്മാണം നടത്തുന്നത്. കുരിശുപാറയില്‍ നടന്ന ചടങ്ങില്‍ വച്ച് അഡ്വ. എ രാജ എം എല്‍ എ വാച്ച് ടവറിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.കുരിശുപാറ സ്വദേശി എ ബി സുരേന്ദ്രന് സൗജന്യമായി വിട്ടു നല്കിയ ഭൂമിയിലാണ് വാച്ച് ടവറിന്റെ നിര്‍മ്മാണം നടത്തുന്നത്. മാലിന്യ മുക്ത നവകേരളം മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി എസ് അഭിലാഷ്, പുഷ്പ സജി,ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.