KeralaLatest NewsLocal news

പ്ലാന്റേഷന്‍ മേഖല പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നു: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്

രാജ്യത്താദ്യമായി  പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്.  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹാളില്‍  നടത്തിയ പ്ലാന്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ആരംഭിച്ചതോടെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കുന്നതിന് കോഴിക്കോട് ഐ.ഐ.എംനെ ചുമതലപ്പെടുത്തിയിരുന്നു. ഐഐഎം വിശദമായ പഠനം നടത്തി   റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.ഇതിന് അംഗീകാരം ലഭിക്കുന്നതോടെ  ശുപാര്‍ശ നടപ്പാക്കും.

പ്ലാന്റേഷന്‍ മേഖല പ്രത്യേകം വിജ്ഞാപനം ചെയ്ത് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്   ഭരണത്തിന് കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷനിലെ വിവിധ വിളകള്‍ പ്ലാന്റേഷന്റെ നിര്‍വചനത്തില്‍ കൊണ്ടുവരും. അവക്കാഡോ, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍  തുടങ്ങിയ പുതിയ വിളകളെയും  പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ആയുസുള്ള ഫല വൃക്ഷങ്ങളെയും പ്ലാന്റേഷന്‍ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് ഐഐഎംന്റെ പ്രധാന ശുപാര്‍ശയെന്നും മന്ത്രി പറഞ്ഞു.

ലയങ്ങളുടെ നവീകരണത്തിന് വ്യവസായ വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 രൂപയും പുതിയ ലയങ്ങളുടെ നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപ സബ്‌സിഡി അനുവദിക്കുന്ന ലയം ഹൗസിംഗ്  പദ്ധതിക്കായി കഴിഞ്ഞ രണ്ട് ബജറ്റുകളിലായി പത്ത് കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

കേര  പദ്ധതിയില്‍ റീ പ്ലാന്റേഷന് വേണ്ടി 476 കോടി രൂപ മാറ്റി വച്ചതായും അദ്ദേഹം പറഞ്ഞു. ഏലം, കാപ്പി, റബര്‍ എന്നിവയാണ് കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഹെക്ടറില്‍ താഴെയുള്ള ചെറുകിട തോട്ടങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംരഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം സംരഭങ്ങള്‍ സംസ്ഥാനത്ത് പുതുതായി ആരംഭിക്കാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി മണ്ഡലത്തില്‍ ഭൂമി സംബന്ധമായ  തടസങ്ങള്‍ മാറിയാല്‍ ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ജെ ബെന്നി, വാര്‍ഡ് കൗണ്‍സിലര്‍ സിജോ മോന്‍ ജോസ്,
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഇന്‍ കേരള ചെയര്‍മാന്‍ പ്രിന്‍സ് തോമസ് ജോര്‍ജ്, സംസ്ഥാന പ്ലാന്റേഷന്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റി അംഗം സ്റ്റനി പോത്തന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ആന്റ് പ്ലാന്റെഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി. വിഷ്ണു രാജ്, ലീഡ് ബാങ്ക് മാനേജര്‍ റെജി രാജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയാമ സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!