KeralaLatest NewsLocal news

ദേശപ്പെരുമയേറ്റി അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ മഹാഅന്നദാനം. 

അടിമാലി: അടിമാലിയുടെ ദേശപ്പെരുമയേറ്റി അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള മഹാഅന്നദാനം. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം അവസാന ദിവസങ്ങളിലേക്കടക്കുമ്പോഴും ഒന്നാം ഉത്സവം മുതല്‍ അടിമാലിയുടെ വിശപ്പകറ്റി കൊണ്ടിരിക്കുന്ന അന്നദാന മണ്ഡപത്തിലെ തിരക്കിന് തെല്ലും കുറവില്ല. ആഘോഷങ്ങളും കലാപരിപാടികളും ഉത്സവ പറമ്പിനെ ആവേശത്തിലാഴ്ത്തുമ്പോഴും തിരക്കില്‍ നിന്നൊഴിഞ്ഞ് പൂരപ്പറമ്പിലെത്തുന്ന ആയിരങ്ങളുടെ വയറു നിറക്കാനുള്ള നിര്‍ത്താതെയുള്ള ഓട്ടത്തിലാണ് ഭക്ഷണ കമ്മറ്റിക്കാര്‍. രാവിലെ പ്രഭാത ഭക്ഷണം, ഉച്ചക്കും വൈകിട്ടും സ്വാദ് മുറ്റിയ ഊണ്. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ഊട്ടു പുരയുണര്‍ന്നിട്ട് ഇന്നേക്ക് 4 ദിവസങ്ങള്‍ പിന്നിടുകയാണ്.മുന്‍ കാലങ്ങളില്‍ എന്നോ പൂര്‍വ്വികര്‍ തുടങ്ങി വച്ച അന്ന ദാനത്തെ മഹാദാനമായി കണ്ട്  ക്ഷേത്രത്തിലെ പുതുതലമുറക്കാര്‍ ഇന്നും പതിവ് മുടക്കാതെ മുമ്പോട്ട് പോകുന്നു. ജാതി മത വ്യത്യാസമില്ലാതെ പൂരപ്പറമ്പിലെത്തുന്ന ഉത്സവ പ്രേമികളുടെ മനവും വയറും നിറച്ചാണ് സംഘാടകര്‍ മടക്കി അയക്കാറ്. ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ പ്രധാനമാണ് അന്നദാനമെന്നുമാത്രമല്ല നാനാ ജാതി മതസ്ഥരുടെ കൂടിച്ചേരലിനും അന്നദാന പുര സാക്ഷിയാകുന്നു. ആട്ടവവും പാട്ടും മേളവുമായി ഉത്സവ പറമ്പ് തിരക്കിലമരുമ്പോഴും അന്നദാന പുരയിലെയും  പാചകപ്പുരയിലെയും താളത്തിനും ഭാവത്തിനും മാറ്റമില്ല. പുലര്‍ച്ചെ 4 മണി മുതലെ പാചകപ്പുര തിരക്കിലമരും. ഉത്സവ നടത്തിപ്പുകാര്‍ക്കു പുറമേ അടിമാലിയുടെ സമീപ പ്രദേശങ്ങളില്‍ നിന്നു പോലും പാചകത്തില്‍ പങ്ക് ചേരാന്‍ വിശ്വാസികള്‍ മഹാദേവ സന്നിധിയോട് ചേര്‍ന്ന അന്നദാനപ്പുരയിലെത്താറുണ്ട്. ദിവസവും 5000ത്തിലധികം ആളുകളാണ് ക്ഷേത്രസന്നിധിയിയിലെത്തി വിശപ്പകറ്റി മടങ്ങുന്നത്. ആളെത്ര അധികമായാലും ഭക്ഷണത്തിന്റെ അളവില്‍ സംഘാടകര്‍ തെല്ലും കുറവു വരുത്തില്ല.ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ ആത്മസംതൃപ്തിയാണ് അന്നദാനപുരയുടെ ആവേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!