വിനോദ സഞ്ചാര ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസഹായം

മൂന്നാര്‍: മൂന്നാര്‍ എക്കോപോയിന്റിന് സമീപം വിനോദ സഞ്ചാര ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസഹായം .കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു മൂന്നാര്‍ എക്കോപോയിന്റില്‍ വിദ്യാര്‍ത്ഥികളായ വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസ് പാതയോരത്തേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളും വിദ്യാര്‍ത്ഥികളുമായ സുധന്‍, ആദിക, വേണിക എന്നിവര്‍ മരണപ്പെട്ടിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 3 ലക്ഷം രൂപയും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ ധനസഹായം നല്‍കും. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍ ചികിത്സക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നാഗര്‍കോവില്‍ സ്‌കോഡ് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായിരുന്നു മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനെത്തിയത്.മൂന്നാറിലെത്തി കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം നടന്നത്. അശ്രദ്ധയും വാഹനത്തിന്റെ വേഗതയുമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ഡ്രൈവറെ പോലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.