കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

അടിമാലി: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അടിമാലി ഗ്രാമപഞ്ചായത്തിലെ കുരങ്ങാട്ടിയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വിശാലമായ പാടശേഖരമാണ് കുരങ്ങാട്ടി പാടശേഖരം. എന്നാല്‍ നിലവില്‍ ചുരുക്കം നില കര്‍ഷകര്‍ മാത്രമെ ഇവിടെ കൃഷിയിറക്കുന്നുള്ളു. കുരങ്ങാട്ടിയുടെ നഷ്ടമായ കാര്‍ഷിക സമൃദ്ധി തിരികെ പിടിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുരങ്ങാട്ടി തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ജലസേചന വകുപ്പ് വകയിരുത്തിയിട്ടുള്ള തുക വിനിയോഗിച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഗ്രാമപഞ്ചായത്തംഗം സി ഡി ഷാജി പറഞ്ഞു. കുരങ്ങാട്ടി തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിച്ച് ഒഴുക്ക് വീണ്ടെടുക്കും. പാടശേഖരത്ത് വേനല്‍ക്കാലത്ത് നെല്‍കൃഷിക്ക് വേണ്ടുന്ന വെള്ളം കണ്ടെത്തുകയാണ് ഒരു ലക്ഷ്യം. മഴക്കാലത്ത് പാടങ്ങളിലേക്ക് വെള്ളം അധികമായി ഒഴുകി കയറുന്നത് തടയാനും ലക്ഷ്യമിടുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. കുരങ്ങാട്ടി പാടശേഖരത്തെ പൂര്‍ണ്ണമായി കതിരണിയിക്കാനും നെല്‍കൃഷി കൂടാതെ പുഷ്പ കൃഷി നടത്താനും ലക്ഷ്യമിടുന്നുണ്ട്. കുരങ്ങാട്ടി തോട് ജല സമൃദ്ധമാക്കി ഇതുവഴിയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോകുന്ന കുട്ടവഞ്ചി യാത്ര അടക്കമുള്ള പ്രവര്‍ത്തനങ്ങളും ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഗ്രാമപഞ്ചായത്തംഗം സി ഡി ഷാജി വ്യക്തമാക്കി.