
മറയൂര്‍: മറയൂരിലെ കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍.ഏറെ പേരുകേട്ടതാണ് മറയൂരിലെ കരിമ്പ് കൃഷി. കരിമ്പ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ ഉത്പാദിപ്പിച്ചിരുന്ന മറയൂര്‍ ശര്‍ക്കരക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഭൗമ സൂചിക പദവി ലഭിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. കരിമ്പിന്‍ തോട്ടത്തില്‍ കൃഷിജോലികള്‍ക്കായി തൊഴിലാളികളെ കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്‌നാട് ശര്‍ക്കരയുടെ കടന്നുവരവ് നിയന്ത്രിക്കാനാവാത്തതാണ് മറ്റൊരു പ്രതിസന്ധി. ഇതു മൂലം മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നുവെന്നും ഇത് വിലയിടിവിനും യഥാര്‍ത്ഥ ശര്‍ക്കരയുടെ വില്‍പ്പനക്കുറവിനും ഇടവരുത്തുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് കരിമ്പ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു ഭീഷണി. കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത വേനലില്‍ വലിയ തോതില്‍ കരിമ്പ് കൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിന് മതിയാം വിധമുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. കാട്ടുമൃഗ ശല്യവും കരിമ്പ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട് കരിമ്പ് കൃഷി ചെയ്തിരുന്ന കര്‍ഷകരില്‍ പലരും കൃഷിയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പ് കൃഷി കുറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ കരിമ്പ് കൃഷിയില്‍ നിന്നും പിന്‍വാങ്ങിയേക്കാം.