FoodHealthLatest NewsNational

ഗോതമ്പ് കരിഞ്ചന്തക്കാര്‍ക്ക് പിടിവീഴും, സ്റ്റോക്ക് പരിധി കുറച്ച് കേന്ദ്രം

വിപണിയില്‍ ഗോതമ്പ് വില കുറയാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക് പരിധി കുറച്ചു. 2025 മാര്‍ച്ച് 31 വരെ ഒരു വ്യാപാരിക്കോ മൊത്തക്കച്ചവടക്കാരനോ 250 ടണ്‍ ഗോതമ്പ് മാത്രമേ പരമാവധി കൈവശം വയ്ക്കാന്‍ കഴിയൂ, ഇതുവരെ ഇത് 1,000 ടണ്‍ ആയിരുന്നു.  ഒരു ചില്ലറ വ്യാപാരിക്ക് ഓരോ ചില്ലറ വില്‍പ്പനശാലയിലും 4 ടണ്‍ വരെ ഗോതമ്പ് മാത്രമേ സൂക്ഷിക്കന്‍ സാധിക്കൂ. നേരത്തെ ഇത് അഞ്ച് ടണ്‍ ആയിരുന്നു.അവശ്യവസ്തു നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ പുതിയ വിളയുടെ വിളവെടുപ്പ് ആരംഭിക്കുന്നത് വരെയാണ് ഉത്തരവിന് പ്രാബല്യം. എല്ലാ ഗോതമ്പ് സംഭരണ സ്ഥാപനങ്ങളും ഗോതമ്പ് സ്റ്റോക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എല്ലാ വെള്ളിയാഴ്ചയും സ്റ്റോക്കിന്‍റെ അളവ് പുതുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തതോ സ്റ്റോക്ക് പരിധി ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ക്കെതിരെ 1955 ലെ അവശ്യവസ്തു നിയമത്തിലെ സെക്ഷന്‍ 6, 7 പ്രകാരം കേസെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വിജ്ഞാപനം പുറപ്പെടുവിച്ച് 15 ദിവസത്തിനുള്ളില്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ സ്റ്റോക്ക് നിശ്ചിത പരിധിക്കുള്ളില്‍ കൊണ്ടുവരേണ്ടതാണ്. ഗോതമ്പ് വില നിയന്ത്രിക്കുന്നതിനും രാജ്യത്ത് സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സ്റ്റോക്ക് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.

മുളക് കയറ്റുമതിക്ക് ശ്രമം

അധിക ഉല്‍പാദനം കാരണം ചുവന്ന മുളകിന്‍റെ വില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തില്‍ വില പിടിച്ചുനിര്‍ത്തുന്നതിനായി മുളക് സംഭരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രം. മുളക് കയറ്റുമതി ചെയ്യുന്ന കാര്യവും പരിശോധിക്കും.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എം ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ ചുവന്ന മുളക് കര്‍ഷകരുടെ ദുരവസ്ഥ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചുവന്ന മുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!