മൂന്നാറില്‍ കൂടുതല്‍ സൈറ്റ് സീന്‍ സര്‍വ്വീസുകളുമായി കെ എസ് ആര്‍ ടി സി

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ കൂടുതല്‍ കാഴ്ച്ചകള്‍ കണ്ടാസ്വദിക്കാനായി 4 പുതിയ സൈറ്റ് സീന്‍ സര്‍വ്വീസുകള്‍ ആരംഭിച്ച് കെ എസ് ആര്‍ ടി സി. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ പരിസര പ്രദേശങ്ങളിലെ കാഴ്ച്ചകള്‍ കാണാന്‍ അവസരമൊരുക്കി മുമ്പെ കെ എസ് ആര്‍ ടി സി സൈറ്റ് സീന്‍ സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
ഈ സര്‍വ്വീസുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഇതിനൊപ്പമാണ് 4 പുതിയ സൈറ്റ് സീന്‍ സര്‍വ്വീസുകള്‍ കൂടി കൂടുതല്‍ പ്രദേശങ്ങളിലേക്ക് മൂന്നാര്‍ ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ളത്. രാവിലെ 8.45 ന് മൂന്നാര്‍, ടോപ്പ് സറ്റേഷന്‍, വട്ടവട രാവിലെ 10ന് മൂന്നാര്‍, സൈലന്റുവാലി, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ്, രാവിലെ 9.30 ന് മൂന്നാര്‍ സൂര്യനെല്ലി ഉച്ചക്ക് 1 ന് മൂന്നാര്‍, മാങ്കുളം, ആനക്കുളം എന്നിങ്ങനെയാണ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങിയിട്ടുള്ളത്.
ഓരോ റൂട്ടിലുമുളള വിവിധ വിനോദ സഞ്ചാര പോയിന്റുകള്‍ ബസിലെത്തി സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ദിവസങ്ങള്‍ക്ക് മുമ്പ് ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗത വകുപ്പ് മന്ത്രി മൂന്നാറില്‍ കൂടുതല്‍ സൈറ്റ് സീന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സര്‍വ്വീസുകള്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ മൂന്നാറിന്റെ കാഴ്ച്ചകള്‍ കൂടുതല്‍ കണ്ടാസ്വദിക്കാന്‍ അവസരമൊരുങ്ങി. മൂന്നാറിലെത്തിച്ച ഡബിള്‍ ഡക്കര്‍ ബസ് ഇതിനോടകം സഞ്ചാരികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതി വിജയകരമായതോടെ കെ എസ് ആര്‍ ടി സി കൂടുതല്‍ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.