
മൂന്നാര്‍: മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ ചിന്നാര്‍ വനമേഖലയില്‍ റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു.മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാത കടന്നു പോകുന്നത് ചിന്നാര്‍ വനമേഖലയിലൂടെയാണ്. വനമേഖലയിലൂടെയാണ് റോഡ് കടന്നു പോകുന്നതെങ്കിലും മഴക്കാലങ്ങളില്‍ കാട്ടാനകള്‍ വലിയ തോതില്‍ ശല്യം ഉണ്ടാക്കാറില്ല. എന്നാല്‍ വേനല്‍കനത്ത് വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെയാണ് റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവായിട്ടുള്ളത്. വിരിക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയാണ് പലപ്പോഴും യാത്രാ തടസ്സം തീര്‍ക്കുന്നത്. വേറെയും ആനകള്‍ റോഡിലേക്കെത്താറുണ്ട്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനയാത്രികര്‍ കാട്ടാനയുടെ മുമ്പില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി ബസിന് മുമ്പില്‍ വിരികൊമ്പന്‍ യാത്രാ തടസ്സം തീര്‍ത്തിരുന്നു. റോഡിലിറങ്ങുന്ന കാട്ടാനകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ അക്രമാസക്തരായാല്‍ അത് വലിയ അപകടത്തിന് ഇടവരുത്തും. നിലവില്‍ റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവെങ്കിലും വാഹനങ്ങള്‍ക്ക് നേരെ പരാക്രമത്തിന് മുതിരാത്തതാണ് താല്‍ക്കാലിക ആശ്വാസം. ഇതേ പാതയില്‍ മൂന്നാര്‍ ഭാഗത്ത് പലപ്പോഴും കാട്ടുകൊമ്പന്‍ പടയപ്പയും യാത്രാ തടസ്സം സൃഷ്ടിക്കാറുണ്ട്. കാട്ടാനകളുടെ സാന്നിധ്യം ഭയന്ന് മാത്രമെ നിലവില്‍ മൂന്നാര്‍ മുതല്‍ അന്തര്‍ സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യാനാകു.