മൂന്നാറില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന തുടരുന്നു; ഇതുവരെ പിഴ ഈടാക്കിയത് ലക്ഷങ്ങള്‍

മൂന്നാര്‍: മൂന്നാറില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന തുടരുന്നു. ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗതവകുപ്പ് മന്ത്രിക്ക് നേരെ മൂന്നാറില്‍ കരിങ്കൊടി പ്രതിഷേധം നടന്നതിന് പിന്നാലെയായിരുന്നു മൂന്നാര്‍ മേഖലയില്‍ നിരത്തുകളില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണവും ടാക്സി മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന തുടരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മോട്ടോര്‍ വാഹനവകുപ്പ്് നടത്തിയ പരിശോധനയില്‍ 21 ലക്ഷത്തിലധികം രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. ഓട്ടോ, ടാക്സി വാഹനങ്ങള്‍ മാത്രമല്ല മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളും മറ്റ് വാഹനങ്ങളുമെല്ലാം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയതോടെ മൂന്നാര്‍ ടൗണില്‍ നിന്നും നിയമ വിരുദ്ധമായി സര്‍വ്വീസ് നടത്തിയിരുന്ന പല ടാക്സി വാഹനങ്ങളും അപ്രത്യക്ഷമായി. ഇന്‍ഷുറന്‍സ്, ടാക്സ് എന്നിവ അടക്കാത്തവര്‍, ലൈസന്‍സില്ലാതെ വാഹന മോടിക്കുന്നവര്‍, അമിതമായി യാത്രക്കാരെ കയറ്റുന്നത് തുടങ്ങി വിവിധ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നത്. അതേ സമയം മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പരിശോധന നടത്തി ദ്രോഹിക്കുന്നുവെന്ന പരാതിയാണ് ഒരു വിഭാഗം ടാക്സി തൊഴിലാളികള്‍ക്കുള്ളത്.