ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരുടെ വേറിട്ട പ്രവര്‍ത്തനം പ്രശംസ പിടിച്ച് പറ്റുന്നു

അടിമാലി: വേനല്‍ കനത്തതോടെ വനത്തിനുള്ളില്‍ കുടിവെള്ള ലഭ്യത കുറഞ്ഞു. ഇതോടെ ആനയടക്കം മൃഗങ്ങള്‍ കുടിവെള്ളം തേടി ജനവാസ മേഖലയിലേക്കിറങ്ങുകയാണ്. ഈ ഒരു പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങി ശ്രമം ഫലപ്രാപ്തിയിലെത്തിച്ചിരിക്കുകയാണ് നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം റെയിഞ്ചിന് കീഴില്‍ വരുന്നതാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍. വേനല്‍ കനത്തതോടെ ഇഞ്ചത്തൊട്ടി വനമേഖലയിലും ജലശ്രോതസ്സുകള്‍ വരണ്ടു.ഇതോടെ കാട്ടാനകള്‍ അടക്കം മൃഗങ്ങള്‍ കുടിവെള്ളം തേടി അലയുന്ന സ്ഥിതിയുണ്ടായി. പെരിയാറ്റിലേക്കെത്തിയാല്‍ മാത്രമെ മൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്ന സ്ഥിതിയൊള്ളു. എന്നാല്‍ ജനവാസ മേഖല കടന്ന് വേണം മൃഗങ്ങള്‍ക്ക് ഇവിടേക്കെത്താന്‍. മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കാന്‍ പ്രദേശത്ത് വൈദ്യുതി ഫെന്‍സിംഗ് തീര്‍ക്കുക കൂടി ചെയ്തതോടെ കുടിവെള്ള ലഭ്യതയുടെ കാര്യത്തില്‍ മൃഗങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ ചേര്‍ന്ന് വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളമൊരുക്കി നല്‍കാന്‍ തീരുമാനിച്ചത്. 6 മീറ്റര്‍ നീളത്തില്‍ 5 മീറ്റര്‍ വീതിയില്‍ 1 മീറ്റര്‍ ആഴത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ വനത്തിനുള്ളില്‍ പടുതാക്കുളം നിര്‍മ്മിച്ച് ജലം സംഭരിച്ചു.അമ്പതിനായിരം ലിറ്റര്‍ വെള്ളം ഈ താല്‍ക്കാലിക കുളത്തില്‍ സംഭരിക്കാം. വെള്ളം തീരുന്ന മുറക്ക് കുളം നിറച്ച് നല്‍കും. പൊരി വെയിലത്ത് വനത്തില്‍ വെള്ളം കിട്ടിയതോടെ ആനയടക്കം കാട്ടുമൃഗങ്ങള്‍ ഇവിടെ വെള്ളം കുടിക്കാനെത്തി തുടങ്ങി. ഇതോടെ കാട്ടാനകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നത് കുറഞ്ഞതായാണ് വനപാലകരുടെ വിലയിരുത്തല്‍. ശ്രമം വിജയം കണ്ടതോടെ സ്‌റ്റേഷന്‍ പരിധിയിലെ മറ്റിടങ്ങളിലും മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാനുള്ള ആലോചനയിലാണ് വനപാലക സംഘം.