ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കൊരുങ്ങി ക്ഷേത്രങ്ങള്‍

അടിമാലി: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നാളെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കും. പ്രധാനമായി ശിവക്ഷേത്രങ്ങളിലാണ് പിതൃദര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പുലര്‍ച്ചെ 6 മണി മുതല്‍ പിതൃതര്‍പ്പണത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതായും, ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത്ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുമെന്നും ക്ഷേത്രം കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ശിവരാത്രിയുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളില്‍ നടന്നു വന്നിരുന്ന ആഘോഷങ്ങള്‍ക്കും പിതൃതര്‍പ്പണ ചടങ്ങുകളോടെ പരിസമാപ്തിയാകും. ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.