
മൂന്നാര്‍: ഇടമലക്കുടിയില്‍ കാട്ടാന ആക്രമണം. സൊസൈറ്റിക്കുടിയിലെ ഗിരിജന്‍ സഹകരണ സംഘത്തിന്റെ ഗോഡൗണ്‍ തകര്‍ത്ത് കാട്ടാന അരി ഭക്ഷിച്ചു. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നതിന് എത്തിച്ച സാധനങ്ങളാണ് കാട്ടാന നശിപ്പിച്ചത്. ഏഴ് ആനകളടങ്ങിയ കൂട്ടം വാതില്‍ തകര്‍ത്ത് ഉള്ളില്‍ സൂക്ഷിച്ചിരുന്ന ആറ് ചാക്ക് അരി വലിച്ച് പുറത്തിട്ട് തിന്നുകയായിരുന്നു. കൂടാതെ മറ്റ് പല ചരക്ക് സാധനങ്ങളും കാട്ടാനകള്‍ നശിപ്പിച്ചു. വാഹന സൗകര്യം പരിമിതമായ ഇടമലക്കുടിയില്‍ ഗിരിജന്‍ സഹകരണ സംഘമാണ് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നത്.

സാധനങ്ങള്‍ ഗോഡൗണില്‍ സൂക്ഷിച്ച ശേഷം പിന്നീട് പല ഭാഗത്തായുള്ള കുടികളില്‍ എത്തിക്കുകയാണ് പതിവ്. ആന ഗോഡൗണ്‍ തകര്‍ക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ ബഹളമുണ്ടാക്കിയതോടെ കാട്ടാനകള്‍ പിന്‍വാങ്ങി. ബുധനാഴ്ച്ച രാവിലെ മുതല്‍ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ തമ്പടിച്ചിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. കാട്ടാനകള്‍ കൃഷിവിളകള്‍ നശിപ്പിക്കുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.