വനത്തിനുള്ളില്‍ വനൃമൃഗങ്ങള്‍ക്കായി കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ വനംവകുപ്പ് ഇടപെടല്‍ നടത്തണം

അടിമാലി: വേനല്‍കനത്തതോടെ വനത്തിനുള്ളില്‍ വനൃമൃഗങ്ങള്‍ക്കായി കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാവശ്യം. വേനല്‍ കനത്തതോടെ ജനവാസ മേഖലയിലേക്ക് ചെറുതും വലുതുമായ കാട്ടുമൃഗങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥിതിയുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഇടങ്ങളിലെ ആളുകളെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മൃഗങ്ങള്‍ കൃഷി നാശം വരുത്തുന്നതിനൊപ്പം മനുഷ്യജീവനും വന്യമൃഗാക്രമണത്തില്‍ പൊലിയുന്ന സാഹചര്യം നിലനില്‍ക്കുന്നു. വനത്തില്‍ തീറ്റയുടെയും വെള്ളത്തിന്റെയും കുറവ് മൃഗങ്ങള്‍ കാടിറങ്ങാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളില്‍ വനൃമൃഗങ്ങള്‍ക്കായി കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
കുരങ്ങടക്കമുള്ള കാട്ടുമൃഗങ്ങള്‍ കാടിറങ്ങുന്നത് കുറക്കാന്‍ ഫലവൃക്ഷങ്ങള്‍ വനത്തിനുള്ളില്‍ കൂടുതലായി വച്ച് പിടിപ്പിക്കണെന്നും ആവശ്യമുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഇടങ്ങളില്‍ ആളുകള്‍ വാനര ശല്യത്താല്‍ പൊറുതി മുട്ടുകയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വാനരന്‍മാര്‍ വലിയ കൃഷിനാശം വരുത്തുന്നു. വന്യമൃഗങ്ങള്‍ കാടിറങ്ങാതിരിക്കാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നതിനൊപ്പം തീറ്റയുടെയും കുടിവെള്ളത്തിന്റെയും ലഭ്യതയുടെ കാര്യത്തില്‍ കൂടി വനംവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണാവശ്യം.