
അടിമാലി: വേനല്‍കനത്ത് ചൂടേറിയതോടെ ഹൈറേഞ്ചിലെ പ്രധാന ചന്തകളിലും വഴിയോരങ്ങളിലുമെല്ലാം പഴവിപണി സജീവമായി കഴിഞ്ഞു. ഓറഞ്ച്, മുന്തിരി, ആപ്പിള്‍, തണ്ണിമത്തന്‍, മാതള നാരങ്ങ തുടങ്ങി എല്ലാ വിധ പഴവര്‍ഗ്ഗങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. തണ്ണിമത്തന്‍ തന്നെ നാല് വ്യത്യസ്ത ഇനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇറാന്‍ ആപ്പിളാണ് വിപണിയിലേക്കിപ്പോള്‍ കൂടുതലായി എത്തുന്നത്. വൈകുന്നേരങ്ങളിലാണ് പഴ വിപണി കൂടുതല്‍ സജീവമാകുന്നത്. വരും ദിവസങ്ങളില്‍ പഴ വിപണി ഇനിയും സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
മഴക്കാലത്ത് പഴ വിപണിയില്‍ വില്‍പ്പന കുറവായിരിക്കും. റമ്പൂട്ടാനും മാങ്ങയുമടക്കമുള്ള പഴവര്‍ഗ്ഗങ്ങളാണ് ഈ കാലയളവില്‍ കൂടുതലായി വില്‍പ്പന നടക്കുന്നത്. വേനല്‍ക്കാലമെത്തുന്നതോടെ എല്ലാത്തരം പഴ വര്‍ഗ്ഗങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കും. വേനല്‍ക്കാലത്ത് ദാഹമകറ്റി ആരോഗ്യ സംരക്ഷണത്തിന് ഉത്തമ മാര്‍ഗ്ഗമായി ആളുകള്‍ പഴ വര്‍ഗ്ഗങ്ങളെ കാണുന്നു. ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെങ്കിലും പറയത്തക്ക രീതിയില്‍ പഴ വിപണിയില്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് ഇത്തവണ കാര്യമായി വില വര്‍ധിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.