
മാങ്കുളം:വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യത്തില്‍ ഈ വേനല്‍ക്കാലം അവസാനിക്കുമ്പോഴും തീരുമാനമില്ല. വെള്ളത്തൂവല്‍ പാലത്തിന് താഴെ മുതിരപുഴ ആറിന് കുറുകെയാണ് വൈദ്യുതി ബോര്‍ഡിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഈ ചെക്ക് ഡാമിപ്പോഴും ചെളിയും മണലും കൊണ്ട് നിറഞ്ഞ സ്ഥിതിയാണ്. ചെങ്കുളം പവര്‍ഹൗസില്‍ നിന്നും ഉത്പാദനശേഷം പുറത്തു വിടുന്ന ജലവും മുതിരപ്പുഴയാറ്റിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചെക്ക് ഡാം നിര്‍മ്മിച്ചത്. ഈ ഡാമാണിപ്പോള്‍ ചെളിയും മണലും കൊണ്ട് നിറഞ്ഞ് കിടക്കുന്നത്. മണലും ചെളിയും നീക്കി ചെക്ക് ഡാമിന്റെ സംഭരണ ശേഷി വര്‍പ്പിക്കുന്ന നടപടി അനന്തമായി നീളുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. മണലും ചെളിയും നീക്കി പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. 2018ലെ പ്രളയത്തെ തുടര്‍ന്ന് ചെക്ക് ഡാമില്‍ മണലും ചെളിയും വന്ന് നിറഞ്ഞിരുന്നു.അന്ന് ജില്ലാ ദുരന്തനിവാരണ അതോററ്റി ഇവിടെ നിന്നും മണല്‍ നീക്കാനുള്ള ചില ഇടപെടലുകള്‍ നടത്തുകയുണ്ടായി.പക്ഷെ ഇതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീട് ചില ആക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ അനുമതി മരവിപ്പിച്ചു. കാലവര്‍ഷമുടന്‍ കനക്കുമെന്നിരിക്കെ ചെക്ക് ഡാമിന്റെ സംഭരണ ശേഷി തിരികെ എടുക്കാനുള്ള ഇടപെടല്‍ വേണമെന്ന ആവശ്യമുയരുന്നു.