
രാജാക്കാട് 2019 ലെ ബജറ്റില്‍ പ്രഖ്യാപിച്ച മിനി ഫയര്‍ സ്റ്റേഷന് 2021 ലാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. മിനി ഫയര്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് രാജാക്കാട് പഞ്ചായത്ത് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനായി ബസ് സ്റ്റാന്‍ഡിലെ കെട്ടിടം ആദ്യം പരിഗണിച്ചിരുന്നു തുടർന്ന് സ്വകാര്യവ്യക്‌തിയുടെ സ്ഥലവും വാടകക്ക് എടുത്ത് പ്രവർത്തിക്കുന്നതും പരിഗണിച്ചിരുന്നു . എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ദതി ഇതുവരെ പ്രാവര്‍ത്തികമായില്ല.നവകേരള സദസ്സ് ജില്ലയില്‍ പര്യടനം നടത്തിയപ്പോള്‍ ഫയര്‍ സ്റ്റേഷന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു.
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ രാജാക്കാട് മേഖലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റിന്റെ അഭാവം തിരിച്ചടിയാണ്. രാജാക്കാട് , രാജകുമാരി, സേനാപതി , ശാന്തന്‍പാറ,ബൈസണ്‍വാലി, കൊന്നത്തടി മേഖലകളില്‍ എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ ശരാശരി 30 കിലോമീറ്ററിലധികം അകലെയുള്ള അടിമാലി, നെടുംങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്‌നി രക്ഷാസേന എത്തുമ്പോഴേക്കും നാശനഷ്ടങ്ങളുടെ തോത് ഉയരുന്നത് പതിവാണ്. വേനൽ കടുത്തതോടെ ഈ മേഖലയിൽ കാട്ടു തീ വ്യാപകമാണ് പൂപ്പാറയിൽ ഉണ്ടായ തീ പിടുത്തത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിവെള്ള പൈപ്പുകൾ കത്തി നശിച്ചിരുന്നു , ശാന്തൻപാറ സങ്കരപാണ്ട്യൻമെട്ടിൽ കാട്ടു തീയിൽ ഏക്കർകണക്കിന് കൃഷി കത്തി നശിച്ചിരുന്നു കിലോമീറ്ററുകൾ താണ്ടി ഫയർ ഫോഴ്‌സ് യുണിറ്റ് എത്തുന്നത് നാശനഷ്ട്ടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്
ആരെങ്കിലും ജലാശയങ്ങളില്‍ വീണ് അപകടങ്ങള്‍ ഉണ്ടായാല്‍ തൊടുപുഴയില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ എത്തുന്നത്. രാജാക്കാട്ടില്‍ അനുവദിച്ച മിനി ഫയര്‍ സ്റ്റേഷന്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ അധികൃതര്‍ ഇടപെടല്‍ നടത്തണം എന്നാണ് ആവശ്യം..