
അടിമാലി: പോതമേട് സ്വദേശികളുടെ പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുതിരപ്പുഴയാറിന് കുറുകെയുള്ള പുതിയപാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പോതമേട്ടിലേക്ക് യാത്ര ചെയ്യാന്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപത്തു നിന്നും പുതിയൊരു പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനില്‍ക്കുന്നതാണ്. പോതമേട് സ്വദേശികളുടെ പാലത്തിനു വേണ്ടിയുള്ള പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പാണിപ്പോള്‍ സഫലമായിട്ടുള്ളത്. പഴയ മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമിനു തൊട്ടു താഴെ നിന്നും മുതിരപ്പുഴയ്ക്കു കുറുകെ പോതമേട് റോഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പോതമേടിന്റെ വിനോദസഞ്ചാര മേഖലക്കുള്‍പ്പെടെ അത് പ്രയോജനകരമാകും.
മൂന്ന് മാസക്കാലം കൊണ്ട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. 6.80 കോടി രൂപ ചെലവിലാണു പുതിയ പാലം നിര്‍മിക്കുന്നത്. നിലവില്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് മുകളിലൂടെയാണ് ഏറ്റവും ഏളുപ്പത്തില്‍ പോതമേട്ടിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നത്. വളരെ ഇടുങ്ങിയ പാലമായതിനാല്‍ ഇതുവഴി ചെറുവാഹനങ്ങള്‍ മാത്രമെ കടന്നു പോകുകയൊള്ളു. ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗതാഗതകുരുക്കിനും ഇടവരുത്തുന്നു. പുതിയ പാലം തീരുന്നതോടെ ഈ പ്രശനത്തിന് പരിഹാരമാകും. മഴക്കാലം മുമ്പില്‍ കണ്ട് ദൃതഗതിയിലാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണജോലികള്‍ മുമ്പോട്ട് പോകുന്നത്.