റോഡുകളുടെ ശോചനീയാവസ്ഥ;വട്ടവടയില്‍ ഈ മാസം 4ന് ഹര്‍ത്താലിനാഹ്വാനം ചെയ്ത് കോൺഗ്രസ്സ്

മൂന്നാര്‍: വട്ടവടഗ്രാമപഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വട്ടവടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
വട്ടവടയില്‍ തകര്‍ന്ന് കിടക്കുന്ന വിവിധ റോഡുകളുടെ ടാറിംഗ് ജോലികള്‍ നടത്തണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. നിര്‍മ്മാണം സംബന്ധിച്ച് ഇടക്കിടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മുന്നോട്ട് പോക്കുണ്ടാവാറില്ലെന്നാണ് ആക്ഷേപം.പഴത്തോട്ടം, ചിലന്തിയാര്‍, സ്വാമിയാറളക്കുടി, കൂടലാര്‍ കുടി, വല്‍സപ്പെട്ടികുടി തുടങ്ങി പഞ്ചായത്തിലെ ഒട്ടു മിക്ക ഇടങ്ങളിലേക്കുള്ള റോഡുകളും നിര്‍മ്മാണം കാത്ത് കിടക്കുന്നു. റോഡുകള്‍ തകര്‍ന്നതോടെ ആശുപത്രിയിലേക്കും സ്‌കൂളിലേക്കും മറ്റിതര ആവശ്യങ്ങള്‍ക്കുമൊക്കെയുള്ള ഗ്രാമവാസികളുടെ യാത്ര അതീവ ദുഷ്‌ക്കരമായി കഴിഞ്ഞു.ഈ സാഹചര്യത്തിലാണ് റോഡ് നിര്‍മ്മാണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നത്. പ്രതിഷേധ സൂചകമായി ഈ മാസം 4ന് രാവിലെ 6 മുതല്‍ വൈകിട്ട് 5വരെ വട്ടവടയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വട്ടവടയുടെ കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടി സമ്മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തകര്‍ന്ന റോഡിലൂടെ ഒരിക്കലെത്തിയ വിനോദ സഞ്ചാരികള്‍ വീണ്ടും വട്ടവടയിലേക്കെത്താന്‍ മടിക്കുന്ന സ്ഥിതിയുണ്ട്. കുണ്ടും കുഴിയും താണ്ടിയുള്ള യാത്ര തങ്ങള്‍ മടുത്തെന്നും ഇനിയും റോഡ് നിര്‍മ്മാണം സാധ്യമായില്ലെങ്കില്‍ ഹര്‍ത്താലിന് ശേഷം ശക്തമായ തുടര്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വട്ടവടയില്‍ വ്യക്തമാക്കി.