കാര്‍ഷിക കര്‍മ്മസേനയ്ക്ക് ഫാന്‍സായി ഫ്രഞ്ചുകാർ :ഫ്രഞ്ച് പ്രതിനിധികള്‍ വെള്ളിയാമറ്റത്ത്

കടല്‍ കടന്ന് എത്തിയ കൃഷി പെരുമയെ കുറിച്ചു പഠിക്കാന്‍ ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്തെത്തി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ ജൈവപച്ചക്കറി ഉല്പാദനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മ്മ സേന മഴമറ പാട്ടത്തിനെടുത്ത് പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചിരുന്നു. ഈ കൃഷിപ്പെരുമയെ കുറിച്ച് അവിചാരിതമായി കേട്ടറിഞ്ഞാണ് ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ കര്‍ഷക പ്രതിനിധികളായ ജെറോം ബുസാറ്റോ, ചെലി ആല്‍ബെര്‍ക, ബ്ലാന്ഡിന് ഡുമോന്ററ്റ്, കോറിന് ജലാടേ എന്നിവര്‍ വെള്ളിയാമറ്റത്ത് എത്തിയത്. സംഘത്തെ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരിയുടെയും കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മഴമറയില്‍ പൂര്‍ണ്ണമായും ജൈവ രീതിയില്‍ നടത്തിവരുന്ന ‘ഇന്റന്‍സീവ് ക്രോപ്പിംഗ്’ എന്ന കൃഷി രീതിയെ കുറിച്ച് കൃഷി ഓഫീസര്‍ സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചു. വെള്ളിയാമറ്റം കാര്‍ഷിക കര്‍മ്മ സേനയിലെ അംഗങ്ങളായ ഉഷാകുമാരി ലാല്‍, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രന്, റാണി സന്തോഷ്, ഷൈനി സജീവ് എന്നീ അഞ്ച് വനിതകള്‍ ചേര്‍ന്നാണ് മഴമറയില്‍ ചെണ്ടുമല്ലി, വാടാമുല്ല, സാലഡ് കുക്കുമ്പര്‍, വെണ്ട, തക്കാളി, മുളക്, പയര്‍ എന്നിവ കൃഷി ചെയ്തിരിക്കുന്നത്.
കേരളത്തിലെ കൃഷി രീതികള്‍ പഠിക്കുന്നതിനും അവ കണ്ടറിയുന്നതിനുമായാണ് സംഘം എത്തിയത്. പഞ്ചായത്ത് പ്രത്യേകമായി കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളെയും പദ്ധതികളുടെയും കുറിച്ച് നാലംഗ സംഘം ചോദിച്ച് മനസ്സിലാക്കുകയും തുടര്‍ന്ന് മഴമറയുടെ ഉടമയായ എബ്രഹാം കൂട്ടുങ്കലിന്റെ മീന്‍കൃഷി, തേനീച്ച കൃഷി തുടങ്ങിയവയും കണ്ടു. വീണ്ടും ഈ കൃഷിയിടം സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്കി രണ്ട് മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് സംഘാംഗങ്ങള്‍ മടങ്ങിയത്.
സന്ദര്‍ശന വേളയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി ചന്ദ്രശേഖരന്,അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അരുണ്‍കുമാര്‍ പി.ഡി., ബിജു പി.എന്‍, കാര്‍ഷിക കര്‍മ്മ സേന സൂപ്പര്‍വൈസര്‍ ജോണ്സണ് തോമസ്, കര്‍മ്മ സേനയുടെ പ്രസിഡന്റ് ശ്രീജ പുഷ്പന്, സെക്രട്ടറി വിലാസിനി കെ. വി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു