
മറയൂര്‍: കാത്തിരിപ്പിനൊടുവില്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍ ചിന്നാര്‍ റോഡില്‍ റീടാറിംഗ് ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ റോഡ് ആളുകള്‍ക്ക് യാത്രാ ദുരിതം തീര്‍ക്കുന്നുണ്ട്. റോഡില്‍ പലയിടത്തും വലിയ കുഴികള്‍ രൂപം കൊണ്ടതോടെ വാഹനങ്ങള്‍ ഈ കുഴികളില്‍ ചാടി കടന്ന് പോകേണ്ടുന്ന സ്ഥിതിയുണ്ട്.ഇത് പരാതികള്‍ക്ക് ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണിപ്പോള്‍ റോഡില്‍ റീടാറിംഗ് ജോലികള്‍ ആരംഭിച്ചിട്ടുള്ളത്. ബി എം ബി സി നിലവാരത്തിലാണ് റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തുന്നത്.മറയൂര്‍ മുതല്‍ ചിന്നാര്‍ വരെയുള്ള 16 കിലോമീറ്റര്‍ ദൂരമാണ് ടാറിംഗ് ജോലികള്‍ നടത്തി നവീകരിക്കുന്നത്. 7. 5 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. 20 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പകല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.