അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിച്ചു

അടിമാലി: അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഏകദിന പഠന ക്ലാസും നടന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈഴവ സമുദായത്തോട് മാറി മാറി വന്ന മുന്നണികള്‍ അവഗണന മാത്രമാണ് കാണിച്ചിട്ടുള്ളതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഈഴവ സമുദായത്തിന്റെ വോട്ട് എല്ലാവരും ഉപയോഗിക്കുന്നു. ജനാധിപത്യത്തില്‍ സമൂഹ്യ നീതി വേണം.ചില പ്രത്യേക സമുദായങ്ങള്‍ പറയുന്നത് ചെയ്ത് നല്കാന് ഇടത് വലത് സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്നു. ഈഴവ സമുദായത്തിനും എം പി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് പറയുവാന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയും തയ്യാറാവില്ലെന്നും വെള്ളപ്പള്ളി നടേശന് വ്യക്തമാക്കി.
അടിമാലി എസ് എന്‍ ഡി പി യൂണിയന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 64 വര്‍ഷമാകുകയാണ്. 27 ശാഖായോഗങ്ങള്‍ അടിമാലി യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നിലവില്‍ ഉണ്ടായിരുന്ന ആസ്ഥാന മന്ദിരം നവീകരിച്ചത്. മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ നവീകരിച്ച ഓഫീസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യൂണിയന് ചെയര്മാന് ബിജു മാധവന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടിമാലി യൂണിയന് കണ്‍വീനര്‍ സജി പറമ്പത്ത്, എം ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്പന്‍കുളം ഗോപീ വൈദ്യര്, പി രാജന്, വിനോദ് ഉത്തമന്, സുധാകരന് ആടിപ്ലാക്കല്‍, കെ പി ബിനു, പി ടി ഷിബു, ജി അജയന്, സുരേഷ് കോട്ടക്കകത്ത്, കെ എസ് ലതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികള്‍ സംബന്ധിച്ചു.

പരിപാടിയുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം കൗണ്‍സിലര്‍ പി ടി മന്മഥന് പഠന ക്ലാസ് നയിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സമുദായാഗംങ്ങളായ കുട്ടികളേയും യുവാക്കളേയും ചടങ്ങില്‍ അനുമോദിച്ചു. യൂണിയന് കീഴില്‍ വരുന്ന ശാഖാ യോഗങ്ങളില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.