മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷം ഈ മാസം 8ന് നടക്കും

അടിമാലി: മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷവും പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും ഈ മാസം 8ന് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ അവതരണഗാന പ്രകാശനവും സുവനീര്‍ പ്രകാശനവും നടക്കും. കലാപ്രതിഭ പുരസ്‌ക്കാരമുള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിക്കുകയും സ്‌കൂളിന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. വിവിധ കലാപരിപാടികള്‍ക്കൊപ്പം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ന്നാക്കുന്നേല്‍ അധ്യക്ഷത വഹിക്കും.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, കവിയും മാധ്യമ പ്രവര്‍ത്തകനുമായ ആന്റണി മുനിയറ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആനിയമ്മാ ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിക്കുമെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീല തോമസ്, പി ടി എ പ്രസിഡന്റ് വിനോജ് കെ എം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.