കോട്ടപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു

അടിമാലി: കുരിശുപാറ കോട്ടപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു. ഉത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ നിര്‍മ്മാല്യ ദര്‍ശനം,അഭിഷേകം,ഗണപതി ഹോമം എന്നിവയും വൈകിട്ട് ദീപാരാധനയും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രണ്ടാം ദിവസം രാവിലെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം എന്നിവക്ക് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കലശാഭിഷേകവും നടന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൊങ്കാല നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലം വാസുദേവന്‍ നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നു. പൊങ്കാല നിവേദ്യത്തിന് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലം വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി വെണ്ണമന ഇല്ലത്ത് ഗിരീഷ് ഗോവിന്ദന്‍പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തിനായി വേണ്ടുന്ന കൊടിമരത്തിന്റെ ആധാരശിലാസ്ഥാപനം നടന്നു.. ക്ഷേത്രത്തിലേക്കായി വാങ്ങിച്ച തിരുവാഭരണ സമര്‍പ്പണവും പുതിയതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. കലാപരിപാടികളിലും പൊങ്കാലയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് ഉത്സവദിവസങ്ങളില്‍ ക്ഷേത്രത്തില്‍ അന്നദാനവും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രം രക്ഷാധികാരി റ്റി വി നാരായണന്‍കുട്ടി, ക്ഷേത്രഭാരവാഹികളായ സി കെ ബാബു, കെ പി ബാബു, കെ ആര്‍ സുനില്‍കുമാര്‍, ഷൈല തങ്കച്ചന്‍, സിന്ധു സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്.