KeralaLatest NewsLocal news

ജലഗതാഗതവും ജലവിനോദവും അപകടരഹിതമായി നടത്താന്‍ ശ്രദ്ധിക്കണം: ജസ്റ്റിസ് വി. കെ. മോഹനൻ 

ഇടുക്കി : ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ വരുന്നതും ജലവിനോദത്തിനും ഗതാഗതത്തിനും ഏറെ ഭാവിയുമുള്ള സ്ഥലമാണ് ഇടുക്കിയെന്നും ഇവിടുത്തെ ജലഗതാഗതവും വിനോദവും അപകടരഹിതമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജസ്റ്റിസ് വി. കെ മോഹനന്‍ പറഞ്ഞു. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പിന്റെയും ഹിയറിംഗിന്റെയും ഭാഗമായി ഇടുക്കി കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഇടുക്കി ജലാശയത്തില്‍ ഒരു ബോട്ടുമാത്രമാണ് സര്‍വീസ് നടത്തുന്നത്. മുന്‍പ് കൂടുതല്‍ ബോട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ റവന്യു വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ ഭാവിയില്‍ കൂടുതല്‍ ബോട്ടുകള്‍ സര്‍വീസ് നടത്തിയേക്കാം. അങ്ങനെ ഒരു സാഹചര്യത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. ജില്ലയില്‍ സ്വകാര്യ പങ്കാളിത്തത്തിലുള്ള വിവിധതരത്തിലുള്ള ജലഗതാഗത വിനോദങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ പൊലീസ് സഹകരണം ഉറപ്പാക്കണം, എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ തെളിവെടുപ്പില്‍ ഉയര്‍ന്നുവന്നു. രജിസ്റ്റര്‍ ചെയ്ത 10 പേരില്‍ എട്ട് പേര്‍ ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

ജലഗതാഗത മേഖലയില്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാര മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, നിലവിലുള്ള ലൈസന്‍സിങ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുന്‍കാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടന്ന് വരുന്നത്. 

 ഇടുക്കിയില്‍ നടത്തിയ തെളിവെടുപ്പില്‍ കമ്മിഷന്‍ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബില്‍ഡിങ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. കെ. പി നാരായണന്‍, കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാര്‍, കോര്‍ട്ട് ഓഫീസര്‍ റിട്ട. മുന്‍സിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരന്‍, കമ്മിഷന്‍ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ. ടി.പി രമേശ്, എഡിഎം ഷൈജു പി. ജേക്കബ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മൂന്നാമത്തെ തെളിവെടുപ്പ് ഇന്ന് (25) കുമളി ഡിടിപിസി ഹാളിലും നടക്കും. ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്ക് ജലഗതാഗതം, ജലവിനോദം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!