മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപമുള്ള കൊടും വളവ് നിവര്‍ത്തണമെന്നാവശ്യം; അപകടം തുടര്‍ക്കഥ

അടിമാലി: ദേശിയപാതയില്‍ അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപമാണ് അപകട സാധ്യത നിലനില്‍ക്കുന്ന കൊടും വളവുള്ളത്. ഈ ഭാഗത്ത് ഇന്ന് രണ്ട് വാഹനാപകടങ്ങള്‍ സംഭവിച്ചു. അടിമാലിക്ക് വരികയായിരുന്ന പിക്കപ്പ് ലോറി വളവ് തിരിയുന്നതിനിടയില്‍ റോഡില്‍ തന്നെ മറിഞ്ഞാണ് ഒരപകടം സംഭവിച്ചത്. വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഓയില്‍ റോഡില്‍ പരന്നു. തുടര്‍ന്ന് അഗ്‌നി രക്ഷ സേനയെത്തി അപകട സാധ്യത ഒഴിവാക്കി. കൊടും വളവിറങ്ങി വന്ന വലിയ ലോറി അടിമാലിക്ക് വരികയായിരുന്ന കാറിലിടിച്ചാണ് മറ്റൊരപകടം നടന്നത്.കാറിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. അപകടങ്ങളില്‍ ആര്‍ക്കും പരിക്ക് സംഭവിച്ചില്ല. നിര്‍മ്മാണ ജോലികള്‍ നടക്കുന്ന ദേശിയപാതയുടെ ഈ ഭാഗത്ത് അശാസ്ത്രീയത ഉണ്ടെന്നും ഇതാണ് തുടരെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നുമാണ് പരാതി.
കൊടും വളവ് നിറഞ്ഞ ഈ ഭാഗത്ത് നിര്‍മ്മാണ ജോലികളുടെ ഭാഗമായി പാതയോരത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാതയോരത്തെ മണ്‍തിട്ട നീക്കം ചെയ്ത് കൊടും വളവ് നിവര്‍ത്തണമെന്നാണാവശ്യം. റോഡിന് വീതിയുള്ളതിനാല്‍ വാഹനങ്ങള്‍ വലിയ വേഗതയിലാണ് ഇതുവഴി കടന്നു പോകുന്നത്. ഇക്കാരണം കൊണ്ടുതന്നെ വളവ് നിവര്‍ത്തിയില്ലെങ്കില്‍ വേഗതയില്‍ വളവ് തിരിയുന്ന വാഹനങ്ങള്‍ റോഡില്‍ തന്നെ മറിയാനുള്ള സാധ്യത നിലനില്‍ക്കുന്നു.