
മൂന്നാര്‍: മധ്യവേനല്‍ അവധിയാരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വാഹനങ്ങളില്‍ സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണവും വര്‍ധിച്ചു.മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡിലാണ് ഇന്ന് യുവാക്കളുടെ സാഹസിക യാത്ര നടന്നത്. കേരള രജിസ്‌ട്രേഷന്‍ വാഹനത്തിലായിരുന്നു യുവാക്കളുടെ അപകടയാത്ര. വാഹനത്തിന്റെ ഇരുവശങ്ങളിലുമായി ഡോറില്‍ കയറി ഇരുന്നാണ് യുവാക്കള്‍ യാത്രക്ക് മുതിര്‍ന്നത്. ഈ വാഹനത്തിന്റെ പിന്നാലെയെത്തിയവരാണ് അപകടയാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്നലെ മൂന്നാര്‍ ഗ്യാപ്പ് റോഡിലും മറ്റൊരു സംഘം യുവാക്കള്‍ സാഹസിക യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നാളുകള്‍ക്ക് മുമ്പ് വരെ ഗ്യാപ്പ് റോഡില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു. നിയമലംഘകര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി കടുപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്