കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാറില്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു

മൂന്നാര്‍: പഴയ മൂന്നാര്‍ ലക്ഷ്മി റോഡ് തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാറില്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരേ പോലെ ഉപയോഗിക്കുന്ന റോഡാണ് പഴയ മൂന്നാര്‍ ലക്ഷ്മി റോഡ്. എസ്‌റ്റേറ്റ് മേഖലകളിലൂടെ സഞ്ചരിച്ച് മാങ്കുളത്തേക്കെത്തുന്ന റോഡാണിത്.ദിവസവും നിരവധിയായ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നു. പഴയ മൂന്നാര്‍ മൂലക്കട മുതല്‍ ലക്ഷ്മി വരെയുള്ള തകര്‍ന്ന് കിടക്കുന്ന റോഡ് യാത്രാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാറില്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം മുന്‍ എം എല്‍ എ എ കെ മണി ഉദ്ഘാടനം ചെയ്തു.
കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവത്താലാണ് റോഡിങ്ങനെ തകര്‍ന്ന് കിടക്കുന്നതെന്നാണ് ആക്ഷേപം. മഴ കുറഞ്ഞ സാഹചര്യത്തില്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്. മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയകുമാര്‍, ജി മുനിയാണ്ടി, ഡി കുമാര്‍, മാര്‍ഷ് പീറ്റര്‍, റിയാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.