KeralaLatest NewsLocal news

പെരുംതേനിച്ച ആക്രമണം -രാജകുമാരി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

രാജാക്കാട്: ആകാശത്ത് പരുന്ത് പറന്നാലും ശക്തമായ കാറ്റു വീശിയാലും നെഞ്ചിൽ ആശങ്കയുടെ നെരിപ്പോടുമായി കഴിഞ്ഞിരുന്ന കജനാപാറക്ക് സമീപത്തെ രാജകുമാരി എസ്റ്റേറ്റ് കോളനിയിലുള്ളവർക്ക് ആശ്വാസം. കോളനിക്ക് സമീപത്തെ വൻമരത്തിലുള്ള 40 ഓളം പെരുന്തേനീച്ച കൂടുകളൊഴിവാക്കാൻ രാജകുമാരി പഞ്ചായത്ത് മുൻകൈയെടുത്ത് നടപടി സ്വീകരിച്ചു. പെരുന്തേനീച്ചകളെ തുരത്തി തേനെടുത്ത ശേഷം മരത്തിൻറെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ മന്നാൻ വിഭാഗത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി. ഇതിനു മുന്നോടിയായി കോളനിയിലെ 40 ഓളം കുടുംബങ്ങളെ രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഉദ്യമം അവസാനിക്കുന്നത് വരെ 40 കുടുംബങ്ങളിലുള്ള അറുപതോളം അംഗങ്ങൾ കമ്മ്യൂണിറ്റി ഹാളിൽ താമസിപ്പിക്കാൻ ആണ് തീരുമാനമെന്ന രാജകുമാരി പഞ്ചായത്ത് പ്രസിഡൻ്റ് സുമ ബിജു പറഞ്ഞു.

വനം വകുപ്പിൻ്റെയും അഗ്നിശമനസേനയുടെയും സഹകരണത്തോടെയാണ് തേനീച്ചകളെ തുരത്തി അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്. തേനീച്ച ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒന്നര പതിറ്റാണ്ടോളമായി വിവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയിരുന്നെങ്കിലും പ്രശ്നത്തിന് ഇപ്പോഴാണ് പരിഹാരം ഉണ്ടാവുന്നത്.

3 വർഷം മുൻപ് എണീച്ച ആക്രമണത്തിൽ കോളനിയിലെ ചെല്ലാണ്ടി കറുപ്പൻ എന്നയാൾ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കു മുൻപ് ഒന്നര വയസ്സുകാരനെയും തേനീച്ച ആക്രമിച്ചു. തേനീച്ച ശല്യം മൂലം വളർത്തു മൃഗങ്ങളെ വളർത്താൻ പോലും ഇവിടെയുള്ളവർക്ക് കഴിഞ്ഞിരുന്നില്ല. രാത്രി സമയത്ത് വീടുകളിൽ ലൈറ്റ് തെളിച്ചാലും തേനീച്ചകൾ ഇരമ്പിയെത്തും.തേനീച്ച ആക്രമണം രൂക്ഷമായതോടെ നടപടി സ്വികരിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!