മൂന്നാര്‍ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീന്‍അപ്പ് ഡ്രൈവ് വന്‍ വിജയം

മൂന്നാര്‍: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി മൂന്നാര്‍ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീന്‍അപ്പ് ഡ്രൈവ് വന്‍ വിജയം. പരിപാടിയിലൂടെ മൂന്നാറിലും സമീപ പ്രദേശത്തുമുള്ള ടണ്‍ കണക്കിന് ജൈവ, അജൈവ മാലിന്യം നീക്കാനായി. ജനകീയ പങ്കാളിത്തത്തോടെ മൂന്നാറിനെ പൂര്‍ണ്ണമായി മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശുചീകരണം സംഘടിപ്പിച്ചത്. പഞ്ചായത്ത്, ഡി.ടി.പി.സി, കെ.എസ്.ഇ.ബി, കേരള ശുചിത്വമിഷന്, അഗ്നിരക്ഷാ സേന, പോലീസ്, വനംവകു പ്പ്, എന്‍.ആര്.ഇ.ജി.എ, വ്യാപാര സംഘടനകള്‍, ഹില്‍ദാരി, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പ്രദേശത്തെ 16 ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. പഞ്ചായത്ത് ഉദ്യോഗസ്ഥരെല്ലാം ശുചീകരണത്തില്‍ പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ക്ലീന്‍അപ്പ് ഡ്രൈവ് വന്‍ വിജയമായി കഴിഞ്ഞു. ഹെഡ് വര്‍ക്ക്സ് ജലാശയം, പഴയമൂന്നാര്‍, മാട്ടുപ്പെട്ടി റോഡ്, ഫ്ളവര്‍ ഗാര്ഡന്, ബൈപ്പാസ്, ദേവികുളം റോഡ്, സൈലന്റുവാലി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായി ശുചീകരണം നടന്നത്.