ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം.

ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം. മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്ന സ്ഥിതിയുണ്ട്. ദേശിയപാത85ല്‍ അടക്കം മരം വീണ് ഗതാഗത തടസ്സമുണ്ടായി. ചീയപ്പാറക്കും ആറാംമൈലിനും ഇടയിലായിരുന്നു മരം നിലംപതിച്ചത്. കല്ലാര്‍ മാങ്കുളം റോഡില്‍ വിവിധയിടങ്ങളില്‍ മരം വീണ് യാത്രാ തടസ്സമുണ്ടായി.
കുരിശുപാറ മേഖലയില്‍ മെബൈല്‍നെറ്റ് വര്‍ക്ക് ഇല്ലാതായിട്ട് രണ്ട് ദിവസം പിന്നിട്ടു. മാങ്കുളം കുവൈറ്റ്‌സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് മുകളിലേക്ക് മരം പതിച്ചു. സംഭവ സമയത്ത് ജീവനക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു. മാങ്കുളമടക്കം ഉള്‍ഗ്രാമങ്ങളിലാകെ വൈദ്യുതി ബന്ധം താറുമാറാണ്. കല്ലാര്‍കുട്ടി നായ്ക്കുന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ മരം വീണു.
കാറില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. വെള്ളത്തൂവല്‍ ശല്യാംപാറയില്‍ വീടിന് മുകളിലേക്ക് മരം വീണു. സംഭവ സമയത്ത് കുഞ്ഞടക്കം വീട്ടില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. പരിക്കുകള്‍ ഇല്ലാതെ ഇവര്‍ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങള്‍ മഴയില്‍ നനഞ്ഞു. പുഴകളിലും തോടുകളിലും നീരൊഴുക്ക് വര്‍ധിച്ചു. ജലസംഭരണികളില്‍ ജലനിരപ്പുയര്‍ന്നു.
മൂന്നാറില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.വിനോദ സഞ്ചാരമേഖല പാടെ നിശ്ചലമാണ്.മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രത പുലര്‍ത്തിപ്പോരുന്നുണ്ട്.