അടിമാലിയില്‍ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതന്‍ കവര്‍ന്നു

അടിമാലി: അടിമാലി പതിനാലാംമൈലില്‍ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതന്‍ കവര്‍ന്നു. പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന പതിനാലാംമൈല്‍ സാംസ്ക്കാരിക നിലയം പരിസരത്താണ് സംഭവം നടന്നത്. വീട്ടമ്മ തനിച്ചായിരുന്നു രാവിലെ അഞ്ചേമുക്കാലോടെ പള്ളിയിലേക്ക് പുറപ്പട്ടത്. നടന്നു പോകുന്നതിനിടയില്‍ പിന്നാലെയെത്തിയ മോഷ്ടാവ് ചുമച്ച് ശബ്ദമുണ്ടാക്കിയതായി പറയപ്പെടുന്നു. വീട്ടമ്മ തിരിഞ്ഞ് നോക്കിയതോടെ കഴുത്തില്‍ കിടന്നിരുന്ന മാലയും കൊന്തയും കൈക്കലാക്കി അജ്ഞാതന്‍ കടന്ന് കളയുകയായിരുന്നു. ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കലത്തില്‍ സൂക്ഷിച്ചിരുന്ന വെള്ളം വീട്ടമ്മയുടെ തലയിലൂടെ ഒഴിക്കുകയും ചെയ്തു. വീട്ടമ്മ ബഹളമുണ്ടാക്കിയെങ്കിലും പുലര്‍ച്ചെയായിരുന്നതിനാല്‍ സമീപവാസികള്‍ വിവരമറിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി. പരിശോധനയില്‍ അജ്ഞാതന്‍ കൈക്കലാക്കിയ മാലയും കൊന്തയും പ്രദേശത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടമ്മക്ക് നേരെ അജ്ഞാതന്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതിരുന്നത് ആശ്വാസമായി. സംഭവത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.