ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാക്കണം; വെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങള്‍

അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാക്കുകയും പദ്ധതിയിലൂടെ വീടുകളില്‍ വെള്ളമെത്തിക്കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാവുകയും വേണമെന്ന് ആവശ്യം. വീടുകളില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ട് ഏതാനും നാളുകളായി. മാസങ്ങള്‍ക്ക് മുമ്പ് പലയിടത്തും പ്രധാനപൈപ്പുകളും വീടുകളിലേക്കുള്ള സപ്ലൈ പൈപ്പുകളും സ്ഥാപിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കുടിവെള്ളം ലഭിച്ച് തുടങ്ങിയിട്ടില്ലെന്നാണ് പരാതി. പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം വേഗത്തില്‍ സാധ്യമാക്കുകയും പദ്ധതിയിലൂടെ വീടുകളില്‍ വെള്ളമെത്തിക്കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാവുകയും വേണമെന്നാണ് ആവശ്യം. വെള്ളത്തൂവല്‍, ശല്യാംപാറ, പൂത്തലനിരപ്പ് തുടങ്ങി പഞ്ചായത്തിലെ ചിലയിടങ്ങളില്‍ കുടിവെള്ള ലഭ്യതക്കായി വലിയ പ്രതിസന്ധി നേരിടുന്ന സ്ഥിതിയുണ്ട്.
വേനല്‍ കനത്തതോടെ ഇവിടങ്ങളില്‍ നിന്നൊക്കെയും പദ്ധതി പൂര്‍ത്തീകരണത്തിനായി ആവശ്യമുയരുന്നു. പഞ്ചായത്തിലെ ഏതാനും ചില വാര്‍ഡുകളില്‍ പദ്ധതി പ്രകാരം പേരിനെങ്കിലും വെള്ളമെത്തിതുടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ പദ്ധതിക്കായി പൈപ്പുകളടക്കം സ്ഥാപിക്കേണ്ടതുമുണ്ട്. മെല്ലപ്പോക്ക് അവസാനിപ്പിച്ച് പഞ്ചായത്തിന്റെ എല്ലായിടങ്ങളിലും ഒരേ പോലെ പദ്ധതി പ്രകാരം കുടിവെള്ളമെത്താന്‍ സാഹചര്യമൊരുക്കണമെന്നാണ് ആവശ്യം.