BusinessKeralaLatest NewsLocal news

അടിമാലിയിലെ മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ നടപടി വേണം; വ്യാപാരി വ്യവസായി സമിതി

അടിമാലി: അടിമാലിയില്‍ നിലനില്‍ക്കുന്ന മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്. അടിമാലി മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി മുദ്രപത്രം ലഭ്യമല്ലാതായതോടെ വിവിധ ഇടപാടുകള്‍ നടത്തേണ്ടുന്ന വ്യാപാരികളടക്കമുള്ള ആളുകള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. നിലവില്‍ അടിമാലിയില്‍ മുദ്രപത്ര വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. വിദൂര സ്ഥലങ്ങളിലെത്തി മുദ്രപത്രം വാങ്ങിയാണിപ്പോള്‍ ആളുകള്‍ ഇടപാടുകള്‍ സാധ്യമാക്കുന്നത്. മുദ്രപത്ര ലഭ്യത ഉറപ്പാക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോജി പോള്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍, പഞ്ചായത്തില്‍ നിന്നും വില്ലേജില്‍ നിന്നും ലഭിക്കേണ്ടുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കൊക്കെ മുദ്രപത്രങ്ങള്‍ ആവശ്യമായി വരുന്നു. ഭവനനിര്‍മാണ പദ്ധതികള്‍, സര്‍ക്കാര്‍ പ്രവൃത്തികള്‍ എടുക്കുന്നതിന് കരാര്‍ ഉണ്ടാക്കല്‍ സ്ഥലം ആധാരം ചെയ്യുന്നതിനും മറ്റ് കരാറുകള്‍ എഴുതുന്നതിനും മുദ്രപത്രത്തിന്റെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ലൈസന്‍സുകളും വാടക കരാറുകളും പുതുക്കേണ്ടുന്ന വ്യാപാരികളും പ്രതിസന്ധി നേരിടുന്നു. നിലവില്‍ മുദ്രപത്രം വാങ്ങുവാന്‍ ആളുകള്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം യാത്രക്കായി അധിക പണവും ചിലവാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിലാണ് അടിമാലി മേഖലയിലെ മുദ്രപത്ര ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!