നടുവൊടിച്ച് വിരിപാറ, ലക്ഷ്മി, മൂന്നാര്‍ റോഡ്; ഈ റോഡിലൂടെങ്ങനെ യാത്ര ചെയ്യും

മാങ്കുളം: നിരവധിയാളുകള്‍ ആശ്രയിക്കുന്ന വിരിപാറ, ലക്ഷ്മി, മൂന്നാര്‍ റോഡിലൂടെ മഴ പെയ്യുക കൂടി ചെയ്തതോടെ യാത്രാ അതീവ ദുഷ്‌ക്കരമായി. ടാറിംഗ് ഇളകി പോയ പല ഭാഗത്തും വെള്ളമൊഴുകി വലിയ കിടങ്ങ് രൂപം കൊണ്ടു കഴിഞ്ഞു. യാത്ര തടസ്സപ്പെടും വിധം റോഡിലെ കിടങ്ങുകള്‍ വലുതായി വരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുചക്രവാഹനയാത്രികര്‍ ഈ കിടങ്ങുകളില്‍ അപകടത്തില്‍പ്പെടുന്നത് ആവര്‍ത്തിക്കുന്നുണ്ട്. കാര്‍ യാത്രികരും മറ്റും ഏറെ പ്രയാസമനുഭവിച്ചാണ് ഇതുവഴി കടന്നു പോകുന്നത്.

പലപ്പോഴും വാഹനങ്ങള്‍ തള്ളിക്കയറ്റേണ്ടുന്ന സ്ഥിതി ഉണ്ടാകുന്നു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പ്രതിസന്ധിയാകുന്നു. വെള്ളമൊഴുക്ക് തടയുകയും കിടങ്ങുകള്‍ മൂടാന്‍ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ റോഡ് കൂടുതല്‍ തകരും. മൂന്നാറില്‍ നിന്ന് മാങ്കുളത്തേക്കും മാങ്കുളത്തു നിന്ന് മൂന്നാറിലേക്കും ഏറ്റവും എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്ന റോഡാണ് വിരിപാറ, ലക്ഷ്മി, മൂന്നാര്‍ റോഡ്്. വിരിപാറയില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ ദൂരം മാത്രമെ മൂന്നാറിലേക്കൊള്ളു.

വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും നിരവധിയാളുകള്‍ ഈ റോഡിലൂടെ യാത്ര ചെയ്യുന്നു.എന്നാല്‍ തൊഴിലാളി കുടുംബങ്ങളും വിനോദ സഞ്ചാരികളും ഒരേ പോലെ ആശ്രയിച്ച് വരുന്ന ഈ റോഡ് പൊട്ടിപൊളിഞ്ഞതാണിപ്പോള്‍ യാത്രാ ക്ലേശമുയര്‍ത്തുന്നത്.
മുമ്പ് ഇതുവഴി ബസ് സര്‍വ്വീസ് നടന്ന് വന്നിരുന്നു. റോഡ് തകര്‍ന്നതോടെ ആളുകള്‍ കുരിശുപാറ, കല്ലാര്‍, രണ്ടാംമൈല്‍ വഴിയാണിപ്പോള്‍ മൂന്നാറിലേക്ക് യാത്ര ചെയ്യുന്നത്. ഇത് അധിക ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതിനൊപ്പം അധിക സമയവും പണവും ചിലവഴിക്കേണ്ടി വരുന്നു.മൂന്നാറിന്റേയും മാങ്കുളത്തിന്റേയും വിനോദ സഞ്ചാരത്തിന് ഒരേ പോലെ സഹായകരമാകുന്ന റോഡാണ് ടാറിംഗ് ഇളകിയതോടെ വലിയ യാത്രാ ദുരിതം സമ്മാനിക്കുന്നത്. റോഡ് പൊളിഞ്ഞ് കിടക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൈനഗിരി വെള്ളച്ചാട്ടത്തിനും ടൈഗര്‍ കേവിനും തിരിച്ചടിയാണ്.