
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗത്തിന് നേരെ പുലിയുടെ ആക്രമണം. ഇന്ന് രാവിലെയാണ് മൂന്നാര്‍ കുറ്റിയാര്‍ വാലിയില്‍ പശുവിന് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ വനത്തില്‍ നിന്നും കന്നുകാലിയുടെ കരച്ചില്‍ സമീപത്തെ കടയിലെ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. വൈകാതെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട പശു ഇവിടേക്ക് ഓടിയെത്തുകയും ചെയ്തു. പശുവിന്റെ കാലിനും ശരീരത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റിയാര്‍വാലി സ്വദേശി പാണ്ടിയുടെ പശുവിന് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റ പശുവിനൊപ്പമുണ്ടായിരുന്ന മറ്റ് കാലികളെ കാണാതായതോടെ തിരച്ചില്‍ നടത്തി അവയെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് പശുക്കളാണ് ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം തടയാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസും രംഗത്ത് വന്നു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന് സമീപമാണ് വന്യജീവിയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. ഇതോടെ കുറ്റിയാര്‍വാലിയിലെ കുടുംബങ്ങള്‍ ഭീതിയിലായി.