കൃഷിയിടത്തില്‍ കേഴമാനിന്റെ മൃതദേഹം അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

അടിമാലി: അടിമാലി ആയിരമേക്കര്‍ കുടുക്കാസിറ്റി റേഷന്‍കട പടിക്ക് മുകള്‍ഭാഗത്ത് കൃഷിയിടത്തില്‍ കേഴമാനിന്റെ മൃതദേഹം അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ കൊട്ടാരത്തില്‍ രാജന്റെ കൃഷിയിടത്തിലാണ് അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കേഴമാനിന്റെ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. പറമ്പുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പനംകുട്ടി ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചില്‍ നിന്നുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറടങ്ങുന്ന വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേഴമാനിന്റെ തലയടക്കമുള്ള ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലാണ്. പ്രദേശത്ത് മൂന്നര ഇഞ്ച് വ്യാസമുള്ള അജ്ഞാത ജീവിയുടെ കാല്പ്പാടും കണ്ടെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷനംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് മുന്‍ കാലങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളതായാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. കൈതച്ചാല്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിവിടം.