അടിമാലി ടൗണിലെ ഓടകള്‍ മാലിന്യം നീക്കി ശുചീകരിക്കാനുള്ള നടപടികളുമായി അടിമാലി ഗ്രാമപഞ്ചായത്ത്

അടിമാലി: അടിമാലി ടൗണിലെ ഓടകള്‍ മാലിന്യം നീക്കി ശുചീകരിക്കാനുള്ള നടപടികളുമായി അടിമാലി ഗ്രാമപഞ്ചായത്ത്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഓടകള്‍ മാലിന്യം നിറഞ്ഞ സ്ഥിതിയിലാണുള്ളത്. മലിന ജലം കെട്ടികിടക്കുക കൂടി ചെയ്യുന്നതോടെ ഓടകളില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം ഉയരുന്ന സാഹചര്യവുമുണ്ട്. ഇത് പരാതികള്‍ക്കിടവരുത്തിയിട്ടുള്ള സാഹചര്യത്തിലാണ് ഓടകളിലെ മാലിന്യം നീക്കുന്ന നടപടികള്‍ക്ക് വൈകാതെ തുടക്കം കുറിക്കുമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഈ മാസം മുപ്പതിനകം പഞ്ചായത്തിനെ സീറോ വെയിസ്റ്റ് പഞ്ചായത്തായി മാറ്റാനുള്ള നടപടികളുമായി മുമ്പോട്ട് പോകുകയാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. അത്തരക്കാരില്‍ നിന്നും പിഴ ഒടുക്കുക മാത്രമല്ല പ്രോസിക്യൂഷന്‍ നടപടികളിലേക്കും കടക്കും.
ടൗണിലെ ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പൊതുജനങ്ങള്‍ക്ക് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്താവുന്നതാണ്. മാലിന്യ നിക്ഷേപ, സംസ്‌ക്കരണ കാര്യങ്ങളില്‍ പൊതുജനങ്ങളും വ്യാപാരികളും പഞ്ചായത്തുമായി സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.