
അടിമാലി: കര്‍ഷകര്‍ക്ക് നിരാശ നല്‍കി ഏലക്കാവില താഴേക്ക്. കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന ചൂടും ഏലക്കാ ഉദ്പാദനത്തിലും കൃഷിയിലും വ്യാപകമായ കുറവുണ്ടായിട്ടും ദിവസമെന്നോണം മാര്‍ക്കറ്റില്‍ ഏലക്കാ വില താഴുകയാണ്. വന്‍കിട വ്യാപാരികള്‍ കൃത്രിമമായി വില ഇടിക്കുന്നതാണെന്ന് കര്‍ഷകരും ചെറുകിട വ്യാപാരികളും ആരോപിക്കുന്നു. വിളവ് ഗണ്യമായ കുറഞ്ഞിട്ടും ലേല കേന്ദ്രങ്ങളില്‍ ലേലത്തിനെത്തിക്കുന്ന ഏലക്കാക്ക് കുറവു വന്നിട്ടില്ല.ലേല കേന്ദ്രങ്ങളില്‍ റീ പൂളിംഗ് നടത്തി ലഭ്യത ഉയര്‍ത്തിക്കാട്ടിയും ഗുണനിലവാരം കുറഞ്ഞ കായ പതിച്ചും വില ഇടിക്കുന്ന തന്ത്രമാണ് വന്‍കിട വ്യാപാരികളും ഓക്ഷന്‍ കേന്ദ്രങ്ങളും ചേര്‍ന്നുനടത്തുന്നതെന്നാണ് ആരോപണം. വിപണനവും ലേലവും നിയന്ത്രിക്കേണ്ട സ്‌പൈസസ് ബോര്‍ഡ് വിഷയത്തില്‍ ഇടപെടാതെ നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കിലോക്ക് 3,200 രൂപ വിലയുണ്ടായിരുന്ന ഏലക്കായ്ക്ക് കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് 800 രൂപയോളം കുറഞ്ഞ് 2,400 രൂപക്കാണ് ശരാശരി കച്ചവടം നടക്കുന്നത്. വില വര്‍ധിക്കുമെന്ന് കരുതി ഏലക്കായ സംഭരിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് വിലയിടിവ് വലിയ നിരാശ നല്‍കുന്നുണ്ട്. വില വലിയ തോതില്‍ ഉയര്‍ന്ന ശേഷം വിലയിടിയുമ്പോള്‍ കര്‍ഷകര്‍ കിട്ടുന്ന വിലക്കു എ ലക്കായ വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. സാധാരണ കര്‍ഷകരുടെ സ്റ്റോക്ക് വന്‍കിടക്കാരുടെ പക്കല്‍ എത്തിക്കഴിയുമ്പോള്‍ വില വീണ്ടും ഉയര്‍ത്തി വന്‍കിടക്കാര്‍ വന്‍ ലാഭം ഉണ്ടാക്കുന്ന രീതിയാണ് കാലങ്ങളായി നടന്നുവരുന്നത്. ഇതില്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.