മൂന്നാര്‍ ടൗണിലെ ഗതാഗതകുരുക്ക് ; പദ്ധതികളുമായി മുമ്പോട്ട് പോകുകയാണ്: അഡ്വ. എ രാജ എം എല്‍ എ

മൂന്നാര്‍: മൂന്നാര്‍ ടൗണിലെ ഗതാഗതകുരുക്കും തിരക്കും കുറക്കാനുള്ള വിവിധ പദ്ധതികളുമായി മുമ്പോട്ട് പോകുകയാണെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ. മൂന്നാര്‍ ടൗണിലേയും പരിസരപ്രദേശങ്ങളിലേയും ഗതാഗത കുരുക്കും തിരക്കും കുറക്കാനുള്ള ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യം കഴിഞ്ഞ കുറേക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. വിനോദ സഞ്ചാരികളുടെ തിരക്കേറുന്നതോടെ പലപ്പോഴും മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് ടൗണിലെ ഗതാഗതകുരുക്കും തിരക്കും കുറക്കാനുള്ള വിവിധ പദ്ധതികളുമായി മുമ്പോട്ട് പോകുകയാണെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ അറിയിച്ചത്. മൂന്നാര്‍ ടൗണില്‍ മുമ്പ് പ്രഖ്യാപിച്ച ഫ്‌ളൈ ഓവര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സഞ്ചാരികളുടെ തിരക്കേറുന്ന സമയങ്ങളില്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന രാജമലയില്‍ പുതിയതായി ഒരു പാലം കൂടി നിര്‍മ്മിക്കുമെന്നും എം എല്‍ എ പറഞ്ഞു.
മൂന്നാര്‍ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന ബൈപ്പാസ് റോഡില്‍ ബി എം ബി സി നിലവാരത്തില്‍ ടാറിംഗ് ജോലികള്‍ നടത്തും. മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ ജോലികള്‍ മൂന്ന് മാസക്കാലം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ വ്യക്തമാക്കി.