ഓപ്പറേഷന്‍ ഡി ഹണ്ട്; ഇടുക്കിയിൽ ഇന്നലെ വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 171 കേസുകള്‍

അടിമാലി: ലഹരിയുടെ ഉപയോഗവും വില്‍പ്പനയും തടയുകയെന്ന ലക്ഷ്യത്തോടെ പോലീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 171 കേസുകള്‍. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും അതിക്രമങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ലഹരിയുടെ ഉപയോഗവും വില്‍പ്പനയും തടയുകയെന്ന ലക്ഷ്യത്തോടെ പോലീസ് ഓപ്പറേഷന്‍ ഡി ഹണ്ടുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ജില്ലയില്‍ ഫെബ്രുവരി 22 മുതല്‍ ഇന്നലെ വരെ 5628 പേരെ പരിശോധിച്ചു.176 പേരെ അറസ്റ്റ് ചെയ്തു. 7 പേരെ ജയിലില്‍ അടച്ചു. രണ്ട് കിലോയിലധികം ഉണക്ക കഞ്ചാവും 1 കഞ്ചാവ് ചെടിയും 115 കഞ്ചാവ് ബീഡികളും കണ്ടെത്തി.105 ഗ്രാം ഹാഷിഷ് ഓയില്‍, 0.97 ഗ്രാം മെത്താംഫിറ്റാമിന്‍ 1 ഗ്രാമിലധികം എം ഡി എം എ എന്നിവയും പോലീസ് പരിശോധനയില്‍ കണ്ടെടുത്തു. ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്. വഴിയോരങ്ങളിലെ പെട്ടിക്കടകളിലും അയല്‍ സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വാഹനങ്ങളിലുമടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്. തുടര്‍ന്നും ജില്ലയിലുടെനീളം നിരന്തര പരിശോധനകള്‍ നടത്തുമെന്നും ലഹരി മാഫിയക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.